നാസി സല്യൂട്ടിനെച്ചൊല്ലി ബെക്കിംഗ്ഹാം കൊട്ടാരം പ്രതിക്കൂട്ടില്‍
Saturday, July 18, 2015 8:06 AM IST
ലണ്ടന്‍: 1933 ല്‍ ബെക്കിംഗ്ഹാം കൊട്ടാരത്തിലെ അംഗങ്ങളായ എലിസബത്ത് രാജ്ഞിയും സഹോദരി മാര്‍ഗരറ്റും അമ്മയും നാസികളെ സല്യൂട്ട് ചെയ്യുന്നതിന്റെ ഫോട്ടോ പുറത്തു വന്നതിനെ തുടര്‍ന്ന് കൊട്ടാരം നിവാസികള്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലായി. ബ്രിട്ടനിലെ പത്രമായ 'ദ സണ്‍' ആണ് സംഭവത്തെപ്പറ്റി എക്സ്ക്ളൂസീവ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. രാജ്ഞി എലിസബത്തിന്റെ ബാല്യകാലത്തെ ചിത്രം സഹിതമാണ് വാര്‍ത്ത.

സ്കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ വച്ചെടുത്ത ഫൂട്ടെജാണ് എക്സ്ക്ളൂസീവ് വാര്‍ത്തയ്ക്കു അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്. ഫൂട്ടേജില്‍ എഡ്വേര്‍ഡ് രാജകുമാരന്‍ കുടുംബാംഗങ്ങളെ സല്യൂട്ട് ചെയ്യാന്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണുള്ളത്. എഡ്വേര്‍ഡ് രാജകുമാരന്‍ ഹിറ്റ്ലറെ ആരാധിച്ചിരുന്ന, അനുകൂലിച്ചിരുന്ന വ്യക്തിയാണെന്നാണ് ചരിത്രം.

എന്നാല്‍ ഈ ഫൂട്ടേജിനും വാര്‍ത്തക്കുമെതിരെ ബെക്കിംഗ്ഹാം കൊട്ടാരം വക്താവ് ശക്തമായി എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണില്‍ രാജ്ഞി എലിസബത്തും ഭര്‍ത്താവും ജര്‍മനിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ജര്‍മനിയിലെ മുന്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച് പുഷ്പചക്രം അര്‍പ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍