ഗ്രീസ് രക്ഷാ പാക്കേജ്; ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചു
Friday, July 17, 2015 7:58 AM IST
ബര്‍ലിന്‍: കടക്കെണിയില്‍ ഉഴലുന്ന ഗ്രീസിന് യൂറോസോണിന്റെ മൂന്നാമത്തെ രക്ഷാ പാക്കേജ് നല്‍കുന്നതിനുള്ള അനുവാദം ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നുള്ള വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷത്തോടെയാണ് അംഗങ്ങള്‍ പ്രമേയം പാസാക്കിയത്.

439 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 119 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തി. 359 പേരുടെ പിന്തുണ മതിയായിരുന്നു പ്രമേയം പാസാകാന്‍. ജര്‍മനി നല്‍കുന്ന 86 ബില്യന്‍ യൂറോയുടെ പാക്കേജിനാണു പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

മെര്‍ക്കലിന്റെ ഭരണകക്ഷിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ തോമസ് ഓപ്പര്‍മാന്‍ ആണു പ്രമേയം അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം അന്തരിച്ച മെര്‍ക്കലിന്റെ (സിഡിയു) പാര്‍ട്ടിക്കാരനും പാര്‍ലമെന്റ് അംഗവുമായ ഫിലിപ്പ് മിസ്ഫെല്‍ഡറിന്റെ (35) അകാല നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണു പ്രമേയം ചര്‍ച്ചയ്ക്കെടുത്തതും വോട്ടിനിട്ടതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍