റംസാന്റെ ആത്മചൈതന്യം കൈവിടാതെ പെരുന്നാള്‍ ആഘോഷിക്കുക: ഫ്രട്ടേണിറ്റി ഫോറം
Friday, July 17, 2015 5:17 AM IST
ദമാം: വിശുദ്ധ റംസാനിന്റെ കഴിഞ്ഞ ദിനരാത്രങ്ങളില്‍ നേടിയെടുത്ത ആത്മ ചൈതന്യം കൈവിടാതെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചുകൊണ്ടു വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കണമെന്ന് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് അബ്ദുള്‍ സലാം മാസ്റര്‍ പറഞ്ഞു.

റംസാന്‍ നന്മകളുടെ ഒരു വസന്തോത്സവമായിരുന്നു. ദൈവത്തിന്റെ മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന് അനുഗ്രഹത്തിന്റെ പെരുമഴക്കാലം തീര്‍ത്ത ദിനരാത്രങ്ങളുടെ പരിസമാപ്തിയാണ് ഈദുല്‍ ഫിത്തര്‍. ഈദിവസം സന്തോഷിക്കാനും പരസ്പരം ഈദ് സന്ദേശങ്ങള്‍ കൈമാറാനും വിശ്വാസികള്‍ ശ്രദ്ധിക്കണം. കുടുംബങ്ങളോടും അയല്‍ക്കാരോടും സുഹൃത്തുക്കളോടുമൊപ്പമാണ് ഈദാഘോഷിക്കേണ്ടത്. ജാതിമത ഭേദമന്യേ എല്ലാവരെയും നമ്മുടെ സന്തോഷത്തില്‍ പങ്കുചേര്‍ക്കണം. പരിധി വിടാത്ത ആഘോഷങ്ങളില്‍ മുഴുകുമ്പോഴും നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും ലോകത്തു തന്നെയും വര്‍ഗീയ ഫാസിസ്റുകളുടെ അക്രമങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കും ഇരയായിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങളെയും നാം മറക്കരുത്. നമ്മുടെ പ്രാര്‍ഥനകളില്‍ പീഡനങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തണമെന്നും അബ്ദുള്‍ സലാം മാസ്റര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം