ജെഎഫ്എയ്ക്ക് ന്യൂജേഴ്സിയില്‍ അര്‍ഹമായ അംഗീകാരം
Friday, July 17, 2015 5:05 AM IST
ന്യൂജേഴ്സി: എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വച്ചു ജൂലൈ ഒമ്പതിനു വൈകിട്ട് ഏഴിനു അമേരിക്കന്‍ മുസ്ലിം കൌണ്‍സില്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ഫെയ്ത്ത് ഇഫ്താര്‍ സംഗമത്തില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ജസ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയെ ആദരിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ ജെ.എഫ്.എ എന്ന പ്രസ്ഥാനം ന്യൂജേഴ്സിയിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണിത്.

സമ്മേളനത്തില്‍ എഡിസണ്‍ മേയര്‍ തോമസ് ലാന്‍കി, ഫ്രാങ്ക്ളിന്‍ ടൌണ്‍ഷിപ്പ് മേയര്‍ ബ്രയാല്‍ ലെവീന്‍, യുണൈറ്റഡ് സ്റേറ്റ്സ് കോണ്‍ഗ്രസ് മെമ്പര്‍മാരായ ഫ്രാങ്ക് പല്ലോണ്‍, ബോണി വാട്ട്സണ്‍, ന്യൂജേഴ്സിയിലെ സെനറ്റര്‍മാരായ പീറ്റര്‍ ജെ. ബാണ്‍സ്, സാം തോംസണ്‍, ലിന്‍ഡാ ഗ്രീന്‍സ്റിന്‍, അസംബ്ളി മെമ്പര്‍മാരായ നാന്‍സി പിങ്കിന്‍, പാട്രിക് ഡീഗന്‍, കൌണ്ടി ഷെരീഫ് മില്‍ഡ്രഡ് സ്കോട്ട് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുകയുണ്ടായി.

ചടങ്ങില്‍ ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന സംഘടനയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, പി.ആര്‍.ഒ ആനി ലിബു, ഡയറക്ടര്‍ ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ് എന്നിവരോടൊപ്പം അനുഭാവികളായ ജോര്‍ജ് സെബാസ്റ്യന്‍, ജോ പണിക്കര്‍, കെന്നി വര്‍ക്കി, സിസിലി കൂവള്ളൂര്‍, രാധാ പണിക്കര്‍, ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ളബ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ, ജോണ്‍ കെ. ജോര്‍ജ് തുടങ്ങിയ ഏതാനും മലയാളികളും ക്ഷണിക്കപ്പെട്ടവരായി എത്തി.

ജെഎഫ്എയുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് ന്യൂജേഴ്സി സ്റേറ്റ് സെനറ്ററും, ജനറല്‍ അസംബ്ളിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ജസ്റീസ് ഫോര്‍ ഓള്‍ സംഘടനയ്ക്ക് നല്‍കി ആദരിച്ചു. ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ സമൂഹത്തിനുവേണ്ടി ചെയ്തിട്ടുള്ള വിശിഷ്ട സേവനങ്ങളെ മാനിച്ച് മികച്ച കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് നല്‍കി അദ്ദേഹത്തെ അമേരിക്കന്‍ മുസ്ലിം കൌണ്‍സില്‍ ആദരിക്കുയുണ്ടായി.

അമേരിക്കന്‍ മുസ്ലിം കൌണ്‍സില്‍ ചെയര്‍മാന്‍ സാം ഖാന്‍, പ്രസിഡന്റ് തക്കീര്‍ ഷെയ്ക്, ഡയറക്ടര്‍ ഡോ. നദീം ഹക്ക്, ഡോ. ചൌധരി, ഡോ. ലാല്‍ പഥന്‍, താരിക് അസീസ് തുടങ്ങിയ പ്രശസ്തരായ സമൂഹ്യ പ്രവര്‍ത്തകരാണു പ്രസ്തുത പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്. ജെഎഫ്എയ്ക്കുവേണ്ടി തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം