രക്ഷാ പാക്കേജിനുള്ള ഉപാധികള്‍ ഗ്രീക്ക് എംപിമാര്‍ അംഗീകരിച്ചു
Thursday, July 16, 2015 8:15 AM IST
ഏഥന്‍സ്: മൂന്നാമത്തെ രക്ഷാ പാക്കേജ് അനുവദിച്ചു കിട്ടാന്‍ ഗ്രീസ് സ്വീകരിക്കേണ്ട ഉപാധികള്‍ക്ക് ഗ്രീക്ക് എംപിമാര്‍ അംഗീകാരം നല്‍കി. നികുതി വര്‍ധനയും പെന്‍ഷന്‍ പരിഷ്കരണവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും അടക്കം കടുത്ത നിര്‍ദേശങ്ങളാണു ശക്തമായ എതിര്‍പ്പിനെ അതിജീവിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തിരിക്കുന്നത്.

ജനഹിത പരിശോധനയില്‍ നിരാകരിക്കപ്പെട്ട ഉപാധികളെക്കാള്‍ ശക്തമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നതെന്ന ആരോപണം നിലനില്‍ക്കുന്നു. എന്നാല്‍, രാജ്യം പാപ്പരാകുന്നത് ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന നിലപാടാണ് ഇടതുപക്ഷ സൈറിസ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ഉപാധികള്‍ അംഗീകരിക്കുന്നതിനെതിരേ പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് പ്രതിഷേധിച്ചു. പാര്‍ലമെന്റിനടുത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ധാരണയില്‍ തനിക്കു വിശ്വാസമില്ലെങ്കിലും ഉപാധികള്‍ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നാണു പ്രധാനമന്ത്രി അലക്സി സിപ്രാസ് പാര്‍ലമെന്റില്‍ തുറന്നുപറഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍