ഗ്രീക്ക് പ്രതിസന്ധി: ജര്‍മനിക്കെതിരേ ഉപരോധത്തിന് ആഹ്വാനം
Thursday, July 16, 2015 8:15 AM IST
ബര്‍ലിന്‍: ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജര്‍മനിയെ ഉപരോധിക്കാനും ഒറ്റപ്പെടുത്താനും യൂറോപ്യന്‍ യൂണിയനിലാകമാനം ആഹ്വാനങ്ങള്‍ ഉയരുന്നു. ഗ്രീസിനെ തകര്‍ക്കാന്‍ ജര്‍മനി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണിത്.

ജര്‍മന്‍ ബ്രാന്‍ഡുകളും ഉത്പന്നങ്ങളും ബഹിഷ്കരിക്കുകയാണ് പ്രതിഷേധത്തിന്റെ ആദ്യപടിയായി നടപ്പാക്കാന്‍ ശ്രമിച്ചുവരുന്നത്. ബോയ്കോട്ട് ജര്‍മനി എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലും ആഹ്വാനങ്ങള്‍ സമൃദ്ധം.

ഇതിനകം മുപ്പതിനായിരത്തിലധികം തവണ ഈ ഹാഷ് ടാഗ് ഉപയോഗിക്കപ്പെട്ടുകഴിഞ്ഞു. ഇടതു ചായ്വുള്ള സംഘടനകളും അരാജകവാദികളുമാണ് ഇതിനു പിന്നില്‍. ജര്‍മന്‍ ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ബാര്‍ കോഡ് നമ്പരുകളും ഇവര്‍ പരസ്യപ്പെടുത്തുന്നു.

ഇതിനെതിരേ ജര്‍മന്‍ പക്ഷപാതികള്‍ വേറെ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ജര്‍മനിയെ ബഹിഷ്കരിക്കുകയല്ല, ഗ്രീസിനെ പിന്തുണയ്ക്കുകയാണ് ആവശ്യമെന്ന് ഇവര്‍ വാദിക്കുന്നു. ഇതിനായി സപ്പോര്‍ട്ട്ഗ്രീസ് എന്ന ഹാഷ് ടാഗാണ് ഇവര്‍ ഉപയോഗിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍