ഗ്രീസിനെ ബലികൊടുക്കാന്‍ ജര്‍മനി തീരുമാനിച്ചിരുന്നു: വരോഫാകിസ്
Thursday, July 16, 2015 8:14 AM IST
ഏഥന്‍സ്: ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷൊയ്ബളെ ഗ്രീസിനെ യൂറോസോണില്‍നിന്നു പുറത്താക്കാന്‍ സര്‍വസജ്ജനായിരുന്നുവെന്ന് ഗ്രീസിന്റെ മുന്‍ ധനമന്ത്രി യാനിസ് വരോഫാകിസ്. മറ്റു യൂറോ സോണ്‍ അംഗങ്ങള്‍ക്കൊരു പാഠമെന്ന നിലയില്‍ ഗ്രീസിനെ ബലി കൊടുക്കുകയായിരുന്നു ഷൊയ്ബിളെയുടെ ലക്ഷ്യമെന്നും ഡൈ സീറ്റില്‍ എഴുതുന്ന മുഖപ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു.

യൂറോസോണ്‍ പരിഷ്കരണ പദ്ധതിക്ക് എതിരു നില്‍ക്കുന്നവരെ അച്ചടക്കം പഠിപ്പിക്കാനാണു ഷോബിള്‍ ആഗ്രഹിച്ചത്. ഗ്രീസിനെ തകര്‍ക്കാന്‍ നിയന്ത്രിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുക തന്നെയായിരുന്നു ജര്‍മനി എന്നും വരോഫാകിസ്.

യൂറോ സോണിനായി ഹൈ ബജറ്റ് ഓവര്‍സിയറെ നിയമിക്കാന്‍ ജര്‍മനി ശ്രമിച്ചിരുന്നു. അംഗരാജ്യങ്ങളുടെ ബജറ്റിനുമേല്‍ വീറ്റോ അധികാരമുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനായിരുന്നു ഉദ്ദേശ്യം. ഗ്രീസിലെ തെരഞ്ഞെടുപ്പ് ഒന്നിനും മാറ്റമുണ്ടാക്കുന്നില്ലെന്നാണ് ആദ്യമായി യൂറോസോണ്‍ ധനമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോള്‍ ഷൊയ്ബ്ളെ തന്നോടു പറഞ്ഞതെന്നും വരോഫാകിസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍