കുവൈറ്റ് ആക്രമണം: കുറ്റക്കാര്‍ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
Thursday, July 16, 2015 6:57 AM IST
കുവൈറ്റ്: മേഖലയെ നടുക്കിയ ചാവേറാക്രമണത്തില്‍ 29 പേര്‍ക്കെതിരേ കുറ്റം ചുമത്തി. കുവൈറ്റ് കുറ്റാന്വേഷണസംഘത്തിന്റെ ത്വരിതഗതിയിലുള്ള അന്വേഷണം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരേയുള്ള റിപ്പോര്‍ട്ട് ക്രിമിനല്‍ കോടതിക്കു കൈമാറി. പ്രതികളില്‍ ഏഴു പേര്‍ സ്വദേശികളാണ്. അഞ്ചു സൌദി സ്വദേശികളും മൂന്നു പാക്ക് സ്വദേശികളും 13 ബിദൂനികളും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 26നാണ് കുവൈറ്റ് സിറ്റിയിലെ സവാബറില്‍ ഇമാം അല്‍ സാദിഖ് മസ്ജിദില്‍ ചാവേറാക്രമണം നടന്നത്. ആക്രമണത്തില്‍ ചാവേര്‍ ഉള്‍പ്പെടെ 27 പേരാണു മരിച്ചത്. 227 പേര്‍ക്കു പരുക്കേറ്റു. ആസൂത്രിതമായി 26 പേരെ കൊലപ്പെടുത്തി നിരവധിപേരെ പരുക്കേല്‍പ്പിച്ചെന്നാണു രണ്ടുപേര്‍ക്കെതിരായ കുറ്റം. നിയമവിധേയമല്ലാത്ത ആവശ്യത്തിനായി സ്ഫോടകവസ്തു ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതിനാണു മറ്റു രണ്ടുപേര്‍ക്കുമെതിരെ കുറ്റം ചുമത്തിയത്. അക്രമം ചെയ്യാന്‍ പ്രോത്സാഹിപ്പിതിനാണ് ഏഴു പേര്‍ക്കെതിരായ കുറ്റം. പൊതുസ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണത്തിനു പ്രേരിപ്പിച്ചതിനും നിരോധിത സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതിനുമാണ് ഏഴുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍