മാഞ്ചസ്ററില്‍ ഇരിങ്ങാലക്കുട സംഗമം നടത്തി
Thursday, July 16, 2015 5:26 AM IST
മാഞ്ചസ്റര്‍: മൂന്നാമത് ഇരിങ്ങാലക്കുട സംഗമം ജന്മനാടിന്റെ ഓര്‍മകളെ അയവിറക്കിയും സുഹൃത്ത് ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചും മാഞ്ചസ്ററില്‍ അരങ്ങേറി. തൃശൂരിന്റെ പൂരപ്പെരുമയ്ക്കൊപ്പം വര്‍ണക്കുടകളും നിറപറയും തെങ്ങിന്‍ പൂക്കുലയും നിറച്ച് ഇരിങ്ങാലക്കുടയുടെ സ്വന്തം പിണ്ടിയും കൊടിത്തോരണങ്ങളാലും സമ്മേളന നഗരി മോടിപിടിപ്പിച്ചു.

സാന്‍ ജോര്‍ജിന്റെ ഈശ്വര ഗാനത്തോടെ സംഗമത്തിനു തുടക്കമായി. പ്രസിഡന്റ് ബിജോയ് കോല്ലാംക്കണ്ണി സ്വാഗതം ആശംസിച്ചു. തുടര്‍ന്നു അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നിലവിളക്കു തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രിസ്റ്റോളില്‍ നിന്നും പങ്കെടുത്ത സെബാസ്റ്യന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളപ്പെരുക്കം മാഞ്ചസ്ററിനെ യുകെയിലെ പൂരനഗരിയാക്കി മാറ്റി. തുടര്‍ന്നു നടന്ന നാടന്‍ സദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ, കായിക പ്രകടനങ്ങളും ഇരിങ്ങാലക്കുടക്കാരെ ആവേശം ജനിപ്പിച്ചു.

സോജു ആന്‍ഡ് സാന്‍ ടീമിന്റെ ഗാനമേള കാണികളെ ആവേശത്തില്‍ ആറാടിച്ചു. യോഗത്തില്‍ ബിജോയ് കോല്ലാംക്കണ്ണി നേതൃത്വം നല്‍കുന്ന സമിതി അടുത്ത വര്‍ഷത്തെയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണമെന്ന് ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു.

സമ്മേളനത്തില്‍ ലോകോത്തര വെബ്സൈറ്റായ ആമസോണ്‍ വഴി പബ്ളിഷ് ചെയ്ത ഏഇടഋ കെമിസ്ട്രി റിവിഷന്‍ ബുക്കിന്റെ രചയിതാവും ഇരിങ്ങാലക്കുട സംഗമത്തിലെ അംഗവുമായ മാത്യു കൊക്കാട്ടിനു ട്രോഫി നല്‍കി അനുമോദിച്ചു. ഈ വര്‍ഷം ഇരുപത്തിഅഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച സെല്‍വിന്‍-റാണി ദമ്പതികളെ സംഗമം ആദരിച്ചു. വിവാഹിതയാവുന്ന അമൃതയ്ക്ക് സംഗമം മൊമെന്റൊ നല്‍കി. സുനില്‍ ആന്റണി പരിപാടിയുടെ അവതരാകനായിരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍