ഓസ്ട്രിയയില്‍ സൌജന്യ ദന്തചികിത്സ ആരംഭിച്ചു
Thursday, July 16, 2015 5:18 AM IST
വിയന്ന: ഓസ്ട്രിയയില്‍ കുട്ടികള്‍ക്കു സൌജന്യ ദന്തചികിത്സ ആരംഭിച്ചു. മൂന്നു മുതല്‍ പതിനെട്ടു വയസുവരെയുള്ള കുട്ടികള്‍ക്കാണു ദന്തചികിത്സ സൌജന്യമായി ലഭ്യമാക്കുന്നത്. ഏകദേശം മുപ്പതിനായിരം കുട്ടികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വിയന്നയില്‍ 32 ഡോക്ടര്‍മാരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ചികിത്സയ്ക്കായി പോകും മുമ്പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിവയാണ്: മൂന്നു വയസിനും പതിനെട്ടു വയസിനും ഇടയില്‍ ചികിത്സ ആരംഭിച്ചിരിക്കണം. ദന്തവൈകല്യത്തിന്റെ നിലവാരം അനുസരിച്ചായിരിക്കും ചികിത്സ ലഭ്യമാക്കുക. വൈകല്യത്തിന്റെ തോത് ഡോക്ടര്‍മാര്‍ നിശ്ചയിക്കും.

ഈ രണ്ടു വ്യവസ്ഥകളും പാലിച്ചാല്‍ കുട്ടിക്കുസൌജന്യമായി പല്ലിനു കമ്പിയിടും. സ്റീലിന്റെ കമ്പിയായിരിക്കും സൌജന്യമായി ഇടുന്നത്. ട്രാന്‍സ്പേരന്റായ ഫൈബര്‍ കമ്പികള്‍ ഇട്ടുനല്‍കുന്നതല്ല. പല്ലുരോഗ വിദഗ്ധനുമായി ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷം തൊട്ടടുത്ത ആഴ്ചയില്‍ തന്നെ ചികിത്സ ആരംഭിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍