ഗ്രീസിനുള്ള പാക്കേജില്‍ പരക്കെ അതൃപ്തി
Wednesday, July 15, 2015 8:14 AM IST
ഏഥന്‍സ്: ഗ്രീസിനു മൂന്നാമത്തെ രക്ഷാപാക്കേജ് നല്‍കാന്‍ യൂറോഗ്രൂപ്പ് നേതാക്കള്‍ എത്തിച്ചേര്‍ന്ന ധാരണ വ്യാപകമായ അതൃപ്തിക്കു കാരണമാകുന്നു. ഗ്രീസിനുള്ളിലും പുറത്തും വ്യത്യസ്ത കാരണങ്ങളാല്‍ പ്രതികരണം സമാനം. ജര്‍മന്‍ മാധ്യമങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നു.

ഗ്രീസിനു കടംകൊടുത്ത ഐഎംഎഫ് പറയുന്നത്, താങ്ങാന്‍ കഴിയുന്നതിനെക്കാള്‍ വലുപ്പത്തില്‍ ഗ്രീസിന്റെ കടക്കെണി വളര്‍ന്നുകഴിഞ്ഞു എന്നാണ്. ഇത് എഴുതിത്തള്ളുകയായിരുന്നു വേണ്ടതെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍, കടം എഴുതിത്തള്ളാന്‍ മുമ്പ് കര്‍ക്കശ ഉപാധികളോടെ വായ്പ വാങ്ങിയിട്ടുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും എതിര്‍ക്കുകയായിരുന്നു. തങ്ങള്‍ക്കു കിട്ടാത്ത ഇളവുകള്‍ ഗ്രീസിന് എന്തു നല്‍കണമെന്നായിരുന്നു അവരുടെ ചോദ്യം.

അതേസമയം, ഗ്രീസിനുള്ളിലും ഭരണകക്ഷിയായ സൈറിസ പാര്‍ട്ടിയിലുമെല്ലാം പാക്കേജിനായി സമ്മതിച്ച ഉപാധികളോട് കടുത്ത വിയോജിപ്പു തുടരുകയാണ്. ധനമന്ത്രി യാനിസ് വരോഫാകിസ് രാജിവച്ചതോടെ ഗ്രീസിന്റെ പോരാട്ടവീര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന ധാരണയാണു പടരുന്നത്. ഹിതപരിശോധനയില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിനെക്കാള്‍ കടുത്ത ഉപാധികളാണ് ഇപ്പോള്‍ വായ്പ വാങ്ങാന്‍ ഗ്രീസ് അംഗീകരിച്ചിരിക്കുന്നതെന്നതാണു പ്രധാന വിമര്‍ശനം.

ഈ ഉപാധികളില്‍നിന്ന് ഗ്രീസിന് ഇനി പിന്‍മാറാനും സാധിക്കില്ല. ബുധനാഴ്ചയ്ക്കുള്ളില്‍ നിയമനിര്‍മാണം നടത്തിയാല്‍ മാത്രമേ പാക്കേജ് കിട്ടൂ എന്നതാണ് കാരണം. നികുതി വര്‍ധന, പെന്‍ഷന്‍ പരിഷ്കരണം തുടങ്ങിയ ഉപാധികളോട് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പാണ് തുടരുന്നത്. ഗ്രീസിന്റെ ആകെ കടത്തില്‍ പത്തു ശതമാനമാണ് ഐഎംഎഫില്‍നിന്നെടുത്തിട്ടുള്ളത്.

ഗ്രീസിനെ സംബന്ധിച്ച്, യൂറോസോണില്‍നിന്നു പുറത്തുപോകുന്നതായിരുന്നു ഇതിലും ഭേദം എന്ന ധാരണയാണ് നാട്ടില്‍ പരന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യം നേരിയ വളര്‍ച്ച പ്രാപിച്ച ഗ്രീക്ക് സമ്പദ് വ്യവസ്ഥ വര്‍ഷാവസാനത്തോടെ വീണ്ടും ചുരുങ്ങിത്തുടങ്ങിയിരുന്നു. രക്ഷാ പാക്കേജിനുള്ള ഉപാധിയായി അംഗീകരിക്കുന്ന ചെലവുചുരുക്കല്‍ നടപടികള്‍ കാരണം ഈ ചുരുക്കം ഇനിയും കൂടുമെന്നാണു വിലയിരുത്തല്‍.

നികുതി വര്‍ധനയും ചെലവുചുരുക്കലും കാരണം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വന്‍തോതില്‍ ഡിമാന്‍ഡ് കുറയും. ഈ സാഹചര്യത്തില്‍ തൊഴിലില്ലായ്മ നിരക്ക് കുറയാതെ നിലനില്‍ക്കുകയും ജീവിത നിലവാരം തല്‍ക്കാലം ഉയരാതിരിക്കുകയും ചെയ്യും.

വായ്പാദാതാക്കള്‍ നിശ്ചയിക്കുന്ന സാമ്പത്തിക നയങ്ങളാണ് ഇനി ഗ്രീസിനു പിന്തുടരേണ്ടിവരിക. രാജ്യത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റം തന്നെയായി ഇതു വിലയിരുത്തപ്പെടും.

ഗ്രീക്ക് പാക്കേജ് സംബന്ധിച്ച് ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ച കടുപ്പമേറിയതായിരുന്നു എന്നാണ് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷൊയ്ബളെ അഭിപ്രായപ്പെട്ടത്. മൂന്നാം രക്ഷാപാക്കേജ് വഴി ഗ്രീസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പൂര്‍ണമായ ഉറപ്പു തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ ഡീല്‍ ഒരു ദുരന്തമാണെന്നാണു ജര്‍മന്‍ മാധ്യമങ്ങളുടെ പൊതു വിലയിരുത്തല്‍. യുദ്ധാനന്തര കാലഘട്ടത്തില്‍ എഴുപതു വര്‍ഷമായി തുടരുന്ന നയതന്ത്ര പ്രതിച്ഛായ ജര്‍മനി ഇതിലൂടെ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ അഡോള്‍ഫ് ഹിറ്റ്ലറോടു താരതമ്യം ചെയ്യുന്ന കാരിക്കേച്ചറുകളും മറ്റും ഒരിക്കല്‍ക്കൂടി യൂറോപ്പിലാകമാനം പ്രചരിച്ചുതുടങ്ങിയത് ജര്‍മനിയുടെ മേല്‍ ചാര്‍ത്തുന്ന കളങ്കമായി പരിണമിച്ചേക്കാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍