ഓണനിലാവ് ചാരിറ്റി ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Wednesday, July 15, 2015 8:13 AM IST
മെല്‍ബണ്‍: ഒലിവ് ബില്‍ഡേഴ്സ് അവതരിപ്പിക്കുന്ന ഓണനിലാവ് ചാരിറ്റി ഷോയുടെ ടിക്കറ്റിന്റെ വില്പനയുടെ ഉദ്ഘാടനം മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിച്ചു.

മെല്‍ബണിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് പീകേ അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോസ് പീറ്റര്‍ ആണ് ആദ്യ ടിക്കറ്റ് മാര്‍ ബോസ്കോ പുത്തൂരില്‍നിന്നും ഏറ്റു വാങ്ങിയത്.

ചടങ്ങില്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ജിഎംസിയുടെ ഭാരവാഹികളായ റെജി പാറയ്ക്കന്‍, സെബാസ്റ്യന്‍ ജയ്ക്കബ്, അലക്സ് കുന്നത്ത്, ഷാജന്‍ ജോര്‍ജ്, ഫ്ളൈ വേള്‍ഡ് ട്രാവല്‍സിന്റെ ഡയറക്ടര്‍ പ്രിന്‍സ് ജയ്ക്കബ്, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്രട്ടറി സജി മുണ്ടയ്ക്കല്‍, സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റി സോളമന്‍ ജോര്‍ജ്, പിഇസിയുടെ ഡയറക്ടര്‍ റെജി ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം ഏഴിനു മെല്‍ബണിലെ സ്പ്രിംഗ്വെയ്ല്‍ ടൌണ്‍ ഹാളിലാണ് ഓണനിലാവ് സ്റേജ് ഷോ അരങ്ങേറുക. പ്രശസ്ത ഗായികയും ഡാന്‍സറുമായ മീര നന്ദന്‍, സിനിമയിലും സീരിയലുകളിലും നിറഞ്ഞു നില്‍ക്കുന്ന അഞ്ജു അരവിന്ദ്, ഐഡിയ സ്റാര്‍ സിംഗര്‍ വിജയി ശ്രീനാഥ്, ഹാസ്യ സമ്രാട്ടുകളായ മനോജ് ഗിന്നസ്, കലാഭവന്‍ സന്തോഷ്, പ്രകാശ് കൊടപ്പനക്കുന്ന്, ലൈവ് ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്ന ശ്രീകുമാര്‍, പ്രശസ്ത നര്‍ത്തകനും കൊറിയോ ഗ്രാഫറുമായ ബിജു നവരാഗ് എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്റേജ് ഷോയില്‍ പങ്കെടുക്കുന്നത്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജിലെ നിര്‍ധനരായ അയ്യായിരത്തോളം രോഗികള്‍ക്ക് ദിവസേന സൌജന്യമായി ഭക്ഷണം നല്‍കിവരുന്ന നവജീവന്‍ ട്രസ്റിന്റെ അമരക്കാരന്‍ പി.യു. തോമസിനു ചാരിറ്റി ഷോയില്‍നിന്നും കിട്ടുന്ന ലാഭത്തിന്റെ വിഹിതം കൈമാറും.