കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാള്‍ ഒക്ടോബര്‍ 16ന്
Wednesday, July 15, 2015 6:30 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഏറ്റവും വലിയ ഇടവകയായ കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവക തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം നടത്തുന്ന ആദ്യഫലപെരുന്നാള്‍ ഒക്ടോബര്‍ 16നു ഹവലി അല്‍ജില്‍ അല്‍ജദിദ് സ്കൂള്‍ അങ്കണത്തില്‍ നടക്കും.

30 വര്‍ഷം പൂര്‍ത്തിയാക്കുന്ന സണ്‍ഡേസ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇതോടനുബന്ധിച്ചു നടക്കും.

ഗാനമേള, ഡാന്‍സ്, ലഘുനാടകം, മിമിക്രി, മാജിക് ഷോ തുടങ്ങി കലാപരിപാടികളോടൊപ്പം കായിക വിനോദങ്ങള്‍, വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ സ്റാളുകള്‍, ഭക്ഷ്യമേള തുടങ്ങിയവ പരിപാടികളുടെ ഭാഗമയിരിക്കും.

പരിപാടിയോടനുബന്ധിച്ചു നടക്കുന്ന റാഫിളിന്റെ പ്രകാശനം ഇടവക വികാരി ഫാ. രാജു തോമസില്‍നിന്നു പ്രധാന പ്രായോജകരായ ബഹറിന്‍ എക്സ്ചേഞ്ച് കമ്പനിയുടെ ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസ് സ്വീകരിച്ച് പ്രകാശനം നിര്‍വഹിച്ചു.

റാഫിള്‍ കൂപ്പണിന്റെ ആദ്യവില്‍പ്പന സഹവികാരി ഫാ. റെജി സി. വര്‍ഗീസില്‍നിന്നു സ്വീകരിച്ച് ബാബു വര്‍ഗീസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഫാ. മാത്യു സക്കറിയ, സാബു ടി. ജോര്‍ജ്, ഉമ്മന്‍ വേങ്ങല്‍, വി.സി. വര്‍ഗീസ്, ജോണ്‍ പി. ജോസഫ്, ജേക്കബ് തോമസ്, പ്രസാദ് എ. ചെറിയാന്‍, ഷാജി ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍