യുക്മ മിഡ്ലാന്‍ഡ്സ് റീജണില്‍ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു; തുക ദേശീയ നേതൃത്വത്തിനു കൈമാറും
Wednesday, July 15, 2015 6:28 AM IST
ലണ്ടന്‍: യുക്മ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മിഡ്ലാന്‍ഡ്സ് റീജണില്‍ നടന്നുവന്ന നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു. അംഗ അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ സമാഹരിച്ച തുക ദേശീയ നേതൃത്വത്തിനു ജൂലൈ 18നു (ശനി) കൈമാറും. ബര്‍മിംഗ്ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കുന്ന യുക്മ ദേശിയ കായികമേളയുടെ വേദിയിലായിരിക്കും തുക കൈമാറുക. അതോടൊപ്പം അംഗ സംഘടനകളില്‍നിന്നു സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി പങ്കു ചേരുന്നതാണു യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമൂന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശൃംഖലയാണ് ഡിഇസി. യുക്മയുടെ ചാരിറ്റി ഉദ്യമത്തിന് അംഗീകാരം കൊടുക്കുന്നതു വഴി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനക്കു യുകെയുടെ മണ്ണില്‍ പ്രവര്‍ത്തന സാധ്യതയുടെ വാതായനം തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നതെന്നു യുക്മ റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു.

ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സംരംഭം വന്‍ വിജയമാക്കിയ യുക്മ അംഗങ്ങളെ റീജണല്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍, സെക്രട്ടറി ഡിക്സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ് കുമാര്‍ ദേശിയ നിര്‍വാഹക സമിതിയംഗം അനീഷ് ജോണ്‍ തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്