ബിബിസിയില്‍ ഭരതനാട്യം അവതരിപ്പിച്ച് സ്റീവനേജില്‍നിന്നുള്ള അല്‍മ മോള്‍ ശ്രദ്ധേയയായി
Wednesday, July 15, 2015 6:23 AM IST
സ്റീവനേജ് (ലണ്ടന്‍): കുട്ടികളുടെ ആരാധകരായി മാറിയ 'ബ്ളൂപീറ്റര്‍' അവതാരകര്‍ റാട്സി, ബാര്‍ണി, ലിന്റ്സി എന്നിവര്‍ക്കൊപ്പം ടെലി സ്ക്രീനില്‍ നിറഞ്ഞാടിയ അല്‍മ സോയിമോന്‍ എന്ന കൊച്ചു നര്‍ത്തകി ഇന്ത്യയുടെ യശസ് ഉയര്‍ത്തി.

പഠനത്തിലും കലയിലും നൃത്തത്തോടൊപ്പം മികവു പുലര്‍ത്തുന്ന ഈ കൊച്ചു മിടുക്കി ബിബിസിയില്‍ ക്ളാസിക്കല്‍ നൃത്തയിനമായ ഭരതനാട്യം അവതരിപ്പിച്ചാണ് മാതൃരാജ്യത്തെയും ഭാരത നൃത്ത രൂപത്തെയും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയത്.

തനിക്കു കിട്ടിയ ഈ അവസരം വലിയ അനുഗ്രഹം ആയി കരുതുന്നതായി അല്‍മ പറഞ്ഞു. ഭരതനാട്യത്തില്‍ ഗ്രേഡ് 3 നേടിയിട്ടുള്ള അല്‍മ വേദിയും പ്രോത്സാഹനവും നൃത്താഭ്യാസത്തിനു അവസരവും നിര്‍ലോഭം നല്‍കിപ്പോരുന്ന മലയാളി കൂട്ടായ്മയായ 'സര്‍ഗം സ്റീവനേജിനെയും' കൂടാതെ ഒപ്പം നൃത്തം ചെയ്യുന്ന കൂട്ടുകാരികളെയും ലോകത്തിനു മുമ്പില്‍ എത്തിക്കാന്‍ അല്‍മ എടുത്ത പ്രത്യേക താത്പര്യം ആണ് സര്‍ഗം സ്റീവനേജിന്റെ ക്രിസ്മസ്, ന്യൂഈയര്‍ പ്രോഗ്രാമിലെ ഭരതനാട്യ സംഘ നൃത്തം ഇതോടൊപ്പം പ്രദര്‍ശിപ്പിക്കുവാന്‍ ബിബിസി തയാറായത്. അതു അല്‍മയുടെ വ്യക്തിപരമായ മറ്റൊരു വിജയം കൂടിയായി. ടിവി നര്‍ത്തകര്‍ ആയ ത്രില്ലിലാണ് അല്‍മയുടെ കൂട്ടുകാരിപ്പോള്‍.

ആറാം ക്ളാസില്‍ പഠിക്കുന്ന അല്‍മ തന്റെ നൃത്തപ്രാവീണ്യം ലോകത്തിനു മുന്നില്‍ കാണിക്കുവാന്‍ കിട്ടിയ അവസരം ശ്രദ്ധേയമാക്കിയത്. മാതാപിതാക്കള്‍ നല്‍കുന്ന നല്ല പ്രോത്സാഹനത്തിനും ഉപരി ദൈവകൃപയാണ് എല്ലാ വിജയങ്ങള്‍ക്കും നിദാനം എന്നു പറയുന്ന അല്‍മ, യുകെകെസിഎ കലാ മേളയില്‍ ശ്രദ്ധ നേടിയ നൃത്തകാരികൂടിയാണ്.

ഭരതനാട്യ നൃത്തരൂപത്തെ കൂടുതലായി പ്രേക്ഷകരില്‍ എത്തിക്കാനും അടുത്തു പരിചയപ്പെടുത്തുവാനും ആകര്‍ഷിക്കുവാനും ഈ പെര്‍ഫോമന്‍സിലൂടെ കഴിഞ്ഞതായി അല്‍മയുടെ നൃത്താധ്യാപിക അഭിപ്രായപ്പെട്ടു.

സ്റീവനേജില്‍ താമസിക്കുന്ന പെരുന്നിലത്തില്‍ സോയിമോന്‍-സുജ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് അല്‍മ. സ്റീവനേജ് ജോണ്‍ ഹെന്റി ന്യൂമാന്‍ സ്കൂളില്‍ പഠിക്കുന്ന മാത്യൂസും സെന്റ് വിന്‍സന്റ് സ്കൂളില്‍ പഠിക്കുന്ന എമ്മയും സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ