ഗ്രീസ്: ഞെരുക്കം കുറയ്ക്കാന്‍ ടെക്നോളജി
Tuesday, July 14, 2015 8:20 AM IST
ഏഥന്‍സ്: ഞെരുക്കത്തില്‍നിന്നു ഞെരുക്കത്തിലേക്കാണു ഗ്രീക്ക് സമ്പദ് വ്യവസ്ഥയുടെ പോക്ക്. മൂന്നാം രക്ഷാ പാക്കേജ് അംഗീകരിക്കപ്പെടുന്നതോടെ കൂടുതല്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ ഏര്‍പ്പെടുത്താന്‍ രാജ്യം നിര്‍ബന്ധിതമാകുകയും ചെയ്യും. ഈ സാഹചര്യം മറികടക്കാന്‍ വിവിധ സാങ്കേതികവിദ്യകള്‍കൂടിയാണു രാജ്യത്തിപ്പോള്‍ പ്രചരിച്ചുവരുന്നത്.

വ്യവസായങ്ങളും ഉപയോക്താക്കളും ഒരുപോലെ പണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബാങ്കുകള്‍ ഇപ്പോള്‍ എടിഎം വഴി പരമാവധി അറുപതു യൂറോ മാത്രമാണ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. പല എടിഎമ്മുകളിലും ചെറിയ നോട്ടുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഇത് അമ്പതായി ചുരുങ്ങുന്നതും പതിവ്. ഈ സാഹചര്യത്തില്‍, അറുപതു യൂറോ കൃത്യമായി കിട്ടുന്ന എടിഎമ്മുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. എടിഎം പ്രവര്‍ത്തനക്ഷമമാണോ, ക്യൂവിനു എന്തു നീളം വരും തുടങ്ങിയ വിവരങ്ങളും ഇതില്‍നിന്നു കിട്ടും.

ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളും രാജ്യത്തിനു പുറത്തേക്കുള്ള ബാങ്ക് ട്രാന്‍സ്ഫറുകളും നിലച്ച മട്ടിലായതു സ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇവരെ സഹായിക്കാന്‍ ചില വന്‍കിട കമ്പനികള്‍ സ്വമേധയാ രംഗത്തുവന്നിട്ടുണ്ട്. ഇതിനായി സീറോ ഫണ്ട് എന്നൊരു വെബ്സൈറ്റും ആരംഭിച്ചു. ഇതുവഴി സഹായം അഭ്യര്‍ഥിക്കുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കുന്നവരും ഏറെ.

ബിറ്റ്കോയിന്‍ എന്ന വിര്‍ച്വല്‍ കറന്‍സിയാണുമറ്റൊരു സഹായം. ഇത് ഉപയോഗിക്കുന്നതു വഴി യഥാര്‍ഥ കറന്‍സി സുരക്ഷിതമാക്കാന്‍ സാധിക്കും. ബിറ്റ്കോയിനിലും സ്വര്‍ണത്തിലും നിക്ഷേപം നടത്താന്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തയാറാകുന്നു. കറന്‍സി വന്‍ തകര്‍ച്ച നേരിട്ടാല്‍ പോലും ഇവ സുരക്ഷിതമായിരിക്കും എന്നതാണു പ്രയോജനം.

ഓണ്‍ലൈന്‍ ക്രിപ്റ്റോ കറന്‍സിയിലും ആളുകള്‍ക്കുതാത്പര്യം വര്‍ധിച്ചുവരുന്നു. ഇതിലൂടെ ബിറ്റ്കോയിനുകള്‍ കറന്‍സിയാക്കി മാറ്റാനും സാധിക്കും. ബാങ്കുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഇവിടെ ബാധകമാകുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍