സ്വിറ്റ്സര്‍ലന്‍ഡില്‍ അഞ്ചു ദിവസത്തിനുള്ളില്‍ വെള്ളത്തില്‍ വീണ് എട്ടു മരണം
Tuesday, July 14, 2015 8:19 AM IST
സൂറിച്ച്: കഴിഞ്ഞയാഴ്ച ഉയര്‍ന്ന താപനിലയും അതിലുപരി വെള്ളത്തിലെ അപകട മരണങ്ങളും പരിഭ്രാന്തി സൃഷ്ടിച്ചു. അഞ്ചു ദിവസത്തിനുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ വെള്ളത്തില്‍ വീണ് എട്ടുപേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. വേനലില്‍ വിവിധ ജില്ലകളിലെ പുഴകളിലും തടാകങ്ങളിലുമുണ്ടായ അപകട മരണങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്ത തടാകങ്ങളില്‍ കുളിക്കാനിറങ്ങിയ രണ്ടു മലയാളി വിദ്യാര്‍ഥികളുടെ അപകട മരണങ്ങള്‍ മലയാളിസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. ഉയര്‍ന്ന താപനിലയും കൊടിയ വേനലും വെള്ളത്തിലേക്ക് എടുത്തു ചാടാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു.

പോലീസ് വകുപ്പു പുറപ്പെടുവിച്ച അറിയിപ്പില്‍ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ അഞ്ചു നിയമങ്ങള്‍ അനുസരിക്കണമെന്ന് അനുശാസിക്കുന്നു. വരുന്ന ദിവസങ്ങളിലും ഉയര്‍ന്ന ചൂട് തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

വെള്ളത്തില്‍ ഇറങ്ങുന്നവര്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

1. കുട്ടികളെ തനിയെ നദിയിലോ തടാകത്തിലോ കുളിക്കാന്‍ ഇറക്കരുത്.

2. മദ്യപിച്ചോ ശക്തിയുള്ള മരുന്നു കഴിച്ചോ കുളിക്കാന്‍ ഇറങ്ങരുത്.

3. അത്യുഷ്ണത്തില്‍ നേരിട്ട് വെള്ളത്തിലേക്ക് എടുത്തു ചാടരുത്. സാവധാനം സമയമെടുത്ത് ശരീര ഊഷ്മാവ് ജലവുമായി സമപ്പെട്ടതിനു ശേഷം മാത്രമേ വെള്ളത്തില്‍ നീന്താവൂ.

4. അപരിചിതമായ സ്ഥലത്ത് യാതൊരു കാരണവശാലും നീന്തരുത്.

5. അധിക ദൂരം ഒരിക്കലും ഒറ്റയ്ക്ക് നീന്തരുത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍