സൌദിയില്‍ ഈദുല്‍ ഫിത്വര്‍ അവധി നാലു ദിവസം: തൊഴില്‍ മന്ത്രാലയം
Tuesday, July 14, 2015 8:19 AM IST
ദമാം: സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ നാലു ദിവസമായിരിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വാരാന്ത്യ അവധിദിനം കൂടാതെയാണിത്. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച പെരുന്നാള്‍ ദിനമായാല്‍ പകരം അവധി നല്‍കണമെന്നാണ് തൊഴില്‍ നിയമത്തിലെ 12 വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി. അങ്ങനെയെങ്കില്‍ വെള്ളിയാഴ്ച ഉള്‍പ്പടെ അഞ്ചു ദിവസമായിരിക്കും പെരുന്നാള്‍ അവധി.

12 വകുപ്പു പ്രകാരം പെരുന്നാള്‍ അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍, സഥാപനയുടമയും തൊഴിലാളിയും സമ്മതിക്കുന്ന പക്ഷം അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വിരോധമുണ്ടാവില്ല. അവധിദിനങ്ങളില്‍ ജോലിയെടുക്കാതെതന്നെ പ്രതിഫലം ലഭിക്കാന്‍ തൊഴിലാളിക്കു അവകാശമുണ്െടന്നു നിയമത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണു വ്യവസ്ഥയിലൂടെ ലക്ഷ്യമാക്കുന്നതെന്നു മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം