കെപിഎസ്ജെ വനിതാ വേദിക്കു പുതിയ ഭാരവാഹികള്‍
Tuesday, July 14, 2015 6:17 AM IST
ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ കുടുംബ സംഗമം ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്നു. പുതിയ ഭാരവാഹികളായി ലീന കലാം (ജനറല്‍ കണ്‍വീനര്‍), അനീസ ബൈജു, ഷാനി ഷാനവാസ് (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെയും മറ്റു അംഗങ്ങളായി ഷിജി രാജീവ്, സനൂജ മുജീബ്, ജിനു വിജയ്, സല്‍മ ഹാഷിമ്ജി, സുരഭി അനില്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും സാംസ്കാരികവും വൈജ്ഞാനികവും നൈസര്‍ഗികവുമായ മേഖലകളില്‍ കഴിവുകള്‍ വളര്‍ത്തി കലാ, കായിക വിനോദങ്ങള്‍ക്ക് അവസരം ഒരുക്കി പ്രവാസ ജീവിതത്തില്‍ നഷ്ടമാകുന്ന കൂട്ടായ്മയും സഹകരണവും സ്നേഹവും തിരിച്ചു പിടിച്ച് ഏറെ ഊര്‍ജസ്വലമായ ഒരു സമൂഹം കെട്ടിപെടുക്കാന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകുമെന്നു മറുപടി പ്രസംഗത്തില്‍ ലീന കലാം ഉറപ്പു നല്‍കി.

ഒമ്പതാം ക്ളാസ് മുതലുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് ലക്ഷ്യമാക്കി അഭിരുചി ക്ളാസുകളും രണ്ടാം ക്ളാസ് മുതലുള്ള കുട്ടികള്‍ക്കു കരകൌശല ക്ളാസുകളും ഈ വേനലവധിക്കാലം മുതല്‍ തുടക്കം കുറിക്കുമെന്നും അവര്‍ അറിയിച്ചു.

ഷിജി രാജീവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഭരണസമിതി പ്രവര്‍ത്തകര്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ ആക്ടിംഗ് പ്രസിഡന്റ് അനില്‍ കുമാര്‍ വെളിയം പ്രശംസിച്ചു. ചടങ്ങില്‍ തോമസ് വൈദ്യന്‍, കലാം മഞ്ഞപ്പാറ, മുഹമ്മദ് ബൈജു, സലാം പോരുവഴി എന്നിവര്‍ സന്നിഹിതരായിരുന്നു. ലുലു സൈനി സ്വാഗതവും മുജീബ് പുലിയില നന്ദിയും പറഞ്ഞു. തുടര്‍ന്നു കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും അരങ്ങേറി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍