യുകെയെ കാത്തിരിക്കുന്നതു വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം
Tuesday, July 14, 2015 6:03 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമമുണ്ടാകുമെന്നു തൊഴില്‍ദാതാക്കളില്‍ പകുതിപ്പേരും കരുതുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെത്തന്നെ ഇതു ബാധിക്കുമെന്നും തൊഴില്‍ദാതാക്കളുടെ സംഘടന മുന്നറിയിപ്പു നല്‍കുന്നു.

വന്‍കിട തൊഴില്‍ദാതാക്കള്‍ക്കുമേല്‍ ലെവി ചുമത്താന്‍ ബജറ്റ് നിര്‍ദേശമുണ്ടായിരുന്നു. അപ്രന്റീസ്ഷിപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധന സമാഹരണത്തിനായിരുന്നു ഇത്. എന്നാല്‍, ഇതുകൊണ്ടൊന്നും തൊഴില്‍ വൈദഗ്ധ്യത്തില്‍ വരുന്ന പോരായ്മ പരിഹരിക്കാന്‍ സാധിക്കില്ലെന്നു സിബിഐ നടത്തിയ സര്‍വേയില്‍ തൊഴില്‍ദാതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

1.2 മില്യന്‍ ആളുകള്‍ ജോലി ചെയ്യുന്ന 310 സ്ഥാപനങ്ങളിലായിരുന്നു സര്‍വേ. ഇതില്‍ മൂന്നില്‍രണ്ട് സ്ഥാപനങ്ങളും കൂടുതല്‍ അതിവിദഗ്ധ തൊഴിലാളികളുടെ ആവശ്യകത ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഉയര്‍ന്ന മൂല്യവുമുള്ള മേഖലകളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി ക്ഷാമവും നേരിടുന്നത്. കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, സയന്‍സ്, എന്‍ജിനിയറിംഗ് ടെക്നോളജി തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍