അബ്ദുള്ള അമ്മിനിക്കാടിനു കെഎംസിസി സര്‍ഗവേദിയുടെ 'ശിഹാബ് തങ്ങള്‍' പ്രതിഭ പുരസ്കാരം
Tuesday, July 14, 2015 6:02 AM IST
അല്‍കോബാര്‍: പ്രവാസ ജീവിതത്തില്‍ സര്‍ഗവസന്തം ഒരുക്കിയ അല്‍കോബാര്‍ കെഎംസിസി സര്‍ഗവേദിയുടെ സംഘാടകരില്‍ പ്രമുഖനായ അബ്ദുള്ള അമ്മിനിക്കാടിനു അല്‍കോബാര്‍ കെഎംസിയുടെ ആദരം.

50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്. ഓഗസ്റ് രണ്ടാം വാരത്തില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ പാണക്കാട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തന്റെ പ്രവാസകാല ജീവിതം സമര്‍പ്പിച്ചതിനാണു പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കവിയുമായ അബ്ദുള്ളയെ ശിഹാബ് തങ്ങള്‍ പ്രതിഭ പുരസ്കാരം നല്‍കി ആദരിക്കുന്നത്.

കലാ,സാഹിത്യ അഭിരുചിയുള്ളവരെ സംഘടിപ്പിച്ച് വര്‍ഷങ്ങളോളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ അല്‍കോബാറിലെയും പരിസരങ്ങളിലെയും മലയാളികള്‍ക്ക് നവ്യാനുഭൂതികള്‍ പകര്‍ന്ന കൂട്ടായ്മയാണു സര്‍ഗവേദി. അബ്ദുള്ള അമ്മിനിക്കാടിന്റെ നേതൃത്വത്തില്‍ സര്‍ഗവേദി പുറത്തിറക്കിയിരുന്ന 'രചന' മാസിക പ്രമുഖ സാഹിത്യകാരന്മാരുടെ പ്രശംസക്കര്‍ഹമായിരുന്നു. സര്‍ഗവേദി സംഘടിപ്പിച്ചിരുന്ന കലാസാഹിത്യ മത്സരങ്ങള്‍ സംഘാടനത്തിലും പങ്കാളിത്തത്തിലും ഏറെ ജനപ്രിയമായിരുന്നു. രചനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സമസ്ത കേരള ഇസ്ലാമിക്ക് സെന്റര്‍ പ്രവാസി മാസികയുടേയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ 'വചനം' ഇമാഗസിന്റയും നാട്ടിലെ വിവിധ പ്രസിദ്ധീകരണങ്ങളുടെ പിന്നിലും അമ്മിനിക്കാടിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

സൌദി കിഴക്കന്‍ പ്രവിശ്യയില്‍ ജില്ലാതല കെഎംസിസി എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി.

കലയുടെയും ബൌദ്ധികതയുടെയും വൈഭവം നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി മാതൃകയായ അബ്ദുള്ള അമ്മിനിക്കാട് ഇപ്പോള്‍ ചന്ദ്രിക മലപ്പുറം എഡിഷനില്‍ സേവനം അനുഷ്ഠിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ അല്‍കോബാര്‍ കെഎംസിസി സര്‍ഗവേദി ഭാരവാഹികളായ മരക്കാര്‍ കുട്ടി ഹാജി, മൊയ്തുണ്ണി പാലപ്പെട്ടി, സുലൈമാന്‍ കൂലേരി, മജീദ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം