കടക്കെണി: ഗ്രീസ് യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തി
Tuesday, July 14, 2015 5:59 AM IST
ബ്രസല്‍സ്: കടക്കെണിയില്‍നിന്നു കരകയറാന്‍ ഗ്രീസ് നടത്തിയ എല്ലാ ഉപായങ്ങളും ഊരാക്കുടുക്കായ സ്ഥിതിയിലെത്തിയപ്പോള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഗ്രീസ് സമര്‍പ്പിച്ച പുതിയ സാമ്പത്തിക നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ഗ്രീസ് പ്രധാനമന്ത്രി സിപ്രാസുമായി ഞായറാഴ്ച രാത്രിയുള്‍പ്പടെ 17 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ഏകാഭിപ്രായം ഉരുത്തിരിഞ്ഞത്.

നികുതിവര്‍ധന, പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പരിഷ്കാരങ്ങളുടെ പുതിയ നിര്‍ദേശമാണു യൂണിയന്‍ അംഗീകരിച്ചത്. ഗ്രീസ് പുതിയ വായ്പകള്‍ക്കായി നല്‍കിയ അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ഇനി പരിഗണിക്കും. അടുത്ത മൂന്നു വര്‍ഷത്തേയ്ക്കാണു വായ്പയുടെ കാലാവധി.

നെതര്‍ലന്‍ഡ്സ് ധനകാര്യമന്ത്രി ജെറോന്‍ ദിജ്സല്‍ബ്ളോം നയിച്ച യൂറോ സോണിലെ 19 ധനമന്ത്രിമാരുടെ ചര്‍ച്ചകളാണു കാര്യങ്ങള്‍ അനുനയത്തിലെത്തിച്ചത്. ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിച്ച ജര്‍മന്‍ ചാന്‍സലറിന്റെ ദൃഢനിശ്ചയത്തിനു മുന്നില്‍ സ്വന്തം രാജ്യത്തെ ജനഹിതം തന്റെ സര്‍ക്കാരിന് അനുകൂലമാക്കിയെടുത്തു വിജയിച്ചുവെന്നഹങ്കരിച്ച ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രാസിനു മുട്ടുമടക്കുകയേ നിവൃത്തിയുണ്ടായുള്ളൂ.

ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് കഴിഞ്ഞദിവസം രാജ്യത്തിന്റെ താല്‍പര്യമടങ്ങിയ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയനു സമര്‍പ്പിച്ചിരുന്നതിന്റെ വെളിച്ചത്തിലാണ് 19 അംഗ ധനമന്ത്രിമാരുടെ സംഘം ചര്‍ച്ച നടത്തി അംഗീകാരം നല്‍കിയത്.

ഇതനുസരിച്ച് ജൂലൈ 15നു ഗ്രീസ് പാര്‍ലമെന്റില്‍ പുതിയ ധനകാര്യബില്‍ പാസാക്കിയെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ഇസിബി) ഗ്രീസിനുമേല്‍ എമര്‍ജന്‍സി ലിക്വിഡിറ്റി അസിസ്റന്‍സ്(ഇഎല്‍എ) വര്‍ധിപ്പിക്കാനും മുതിരില്ല.

ഗ്രീസിനു നല്‍കിയ ധനകാര്യ നിയമങ്ങള്‍ ജര്‍മന്‍ പാര്‍ലമെന്റും ചര്‍ച്ചചെയ്ത് പാസാക്കിയെടുക്കണം.

ഗ്രീസ് മുന്നോട്ടുവച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ബുധനാഴ്ചയ്ക്കുള്ളില്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കണമെന്നാണ് യൂറോഗ്രൂപ്പ് ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ പരിഷ്കരണവും തൊഴില്‍ വിപണി പരിഷ്കരണവും നടപ്പാക്കണം. ഗ്രീസ് നടത്തുന്ന നിയമ നിര്‍മാണങ്ങള്‍ക്കു വായ്പ ദാതാക്കള്‍ മേല്‍നോട്ടം വഹിക്കും. അമ്പത് ബില്യന്‍ മതിക്കുന്ന ഗ്രീക്ക് ആസ്തികള്‍ സ്വകാര്യവത്കരണത്തിനായി വൈദേശിക ഫണ്ടിനു കൈമാറണമെന്നും നിര്‍ദേശിക്കുന്നു.

ഗ്രീസിനെതിരേ നടത്തിയ 'കടുത്ത ബലിയായി' പ്രധാനമന്ത്രി സിപ്രാസ് ഇയു ധാരണയെ വിശേഷിപ്പിച്ചു. ധാരണയിലെത്തിയതോടെ യൂറോപ്യന്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ പ്രകടമായി.

അതേസമയം, ഗ്രീക്ക് ബാങ്കുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പണമില്ലാത്ത അവസ്ഥ തന്നെയാണ് നേരിടുന്നത്. മൂന്നു വര്‍ഷത്തേക്ക് 53.5 ബില്യന്‍ വായ്പ അനുവദിച്ചാല്‍ വ്യാപകമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാമെന്നാണ് സിപ്രാസിന്റെ വാഗ്ദാനം. അതാണു ധാരണയില്‍ എത്തിയതും.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയാകട്ടെ, അനുദിനം കൂടുതല്‍ വഷളായി വരുന്നു. ബാങ്കുകള്‍ മാത്രമല്ല, വ്യവസായങ്ങളും ഉപയോക്താക്കളും ദൈനംദിന ആവശ്യങ്ങള്‍ക്കു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍