യുക്മ സാംസ്കാരിക വേദിയുടെ പ്രഥമ യോഗം ശ്രദ്ധേയമായി
Tuesday, July 14, 2015 5:58 AM IST
ലണ്ടന്‍: യുകെ മലയാളികളുടെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ സര്‍വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യമാക്കി വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കു രൂപം നല്‍കി യുക്മ സാംസ്കാരിക വേദിയുടെ പ്രഥമ യോഗം ശ്രദ്ധേയമായി.

യുക്മ സൌത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയുടെ വസതിയില്‍ കുടിയ യോഗത്തില്‍ സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക വേദിയുടെ അംഗങ്ങളെ കൂടാതെ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, ജനറല്‍ സെക്രട്ടറി സജിഷ് ടോം, ട്രഷറര്‍ ഷാജി തോമസ് എന്നിവരും പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ജ്വാല ഇ മാഗസിന്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി കൂടുതല്‍ പുതുമകളുള്ള പ്രസിദ്ധീകരണം തുടരുവാനുള്ള പദ്ധതികളും ആവിഷ്കരിച്ചു. യുകെയിലുള്ള മലയാളിസമൂഹത്തിലെ സാഹിത്യാഭിരുചി ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി

സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്കായി 'മധുരം മലയാളം' എന്ന ആശയം മുന്‍ നിര്‍ത്തി മലയാള ഭാഷ പഠന ക്ളാസുകളും വായനാമത്സരങ്ങളും ഓരോ സ്ഥലങ്ങളിലുള്ള അസോസിയേഷനുകളുടെ സഹകരണത്തോടെ സാംസ്കാരിക വേദിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ നടപ്പിലാക്കുവാനും തീരുമാനിച്ചു. കുടാതെ പ്രാദേശിക തലങ്ങളില്‍ കവിയരങ്ങുകള്‍ അഭിനയ ശില്‍പ്പശാല, സാഹിത്യ സംവാദങ്ങള്‍, എന്നിവ സംഘടിപ്പിക്കുവാനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്കു വിധേയമായി.

പ്രശസ്ത ഗായിക കെ.എസ്. ചിത്ര വിധി നിര്‍ണയം നടത്തിയ യുക്മ സാംസ്കാരിക വേദിയുടെ തിളക്കമാര്‍ന്ന സംരംഭമായ യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ഒന്നിന്റെ തുടര്‍ച്ചയായി യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 / ഹരിഷ് പാലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. കൂടാതെ യുകെയിലെ പ്രതിഭാധനരായ ഗാന രചയിതക്കളെയും അനുഗ്രഹീത ഗായകരെയും പങ്കെടുപ്പിച്ച് 'തുഷാരം' എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബം പുറത്തിറക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നു. യുകെയിലെ അറിയപ്പെടുന്ന ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനം കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രരചനാ മത്സരം നടത്തുവാനും തീരുമാനിച്ചു.

യുകെയിലെ സിനിമ നാടക മേഖലകളിലെ പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍, നാടക മത്സരങ്ങള്‍ എന്നിവ നടത്താന്‍ ഉള്ള സാധ്യതകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യുകെയിലെ മുഴുവന്‍ കലാ പ്രതിഭകളെയും സഹകരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ എല്ലാ തനതു കലാ രൂപങ്ങളെയും സമന്വയിപ്പിച്ച് 'കേരളീയം' എന്ന പേരില്‍ ഒരു സാംസ്കാരിക ഉത്സവം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

ചര്‍ച്ചകള്‍ക്ക് വൈസ് ചെയര്‍മാന്‍ തമ്പി ജോസ് നേതൃത്വം നല്‍കി. കേരളത്തിലായിരുന്ന സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫും ടെലഫോണിലൂടെ ആശയങ്ങള്‍ പങ്കുവച്ചു. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവും ട്രഷറര്‍ ഷാജി തോമസും യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തു. യുക്മ ജനറല്‍ സെക്രടറി സജീഷ് ടോം സ്വാഗതവും സാംസ്കാരിക വേദി അംഗ വും ചിത്രകാരനുമായ ജിജി വിക്ടര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്