ബഹറിന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'പ്രവാസി പെന്‍ഷന്‍' സ്നേഹസ്പര്‍ശമാവുന്നു
Tuesday, July 14, 2015 5:52 AM IST
മനാമ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ശിഹാബ് തങ്ങള്‍ സ്നേഹ സ്പര്‍ശം പ്രവാസി പെന്‍ഷന്‍ പദ്ധതി കഴിഞ്ഞ വര്‍ഷം 20 പേര്‍ക്കാണ് നല്‍കിവന്നതെങ്കില്‍ ഈ വര്‍ഷ അത് 50 പേരിലേക്ക് വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്. മാസം ആയിരം രൂപ വീതമാണു നല്‍കി വരുന്നത്.

വര്‍ഷങ്ങളോളം ബഹറിനില്‍ ജോലി ചെയ്ത് നിരവധി മാറാ രോഗങ്ങളുമായി അവസാനം ഒരുനേരത്തെ മരുന്നിനു പോലും വകയില്ലാതെ നാട്ടില്‍ കഴിയുന്ന മുന്‍ ബഹറിന്‍ പ്രവാസികളുടെ ദൈന്യത ഏതു മനുഷ്യരെയും ഒന്നിരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്ററായ യൂസഫ് കൊയിലാണ്ടി സാക്ഷ്യപ്പെടുത്തുന്നു.

കിഡ്നി, കാന്‍സര്‍, ഹൃദയ സംബന്ധമായതുമായ നിരവധി അപേക്ഷകള്‍ വന്നു കൊണ്ടിരിക്കുന്നതായി പെന്‍ഷന്‍ പദ്ധതി കണ്‍വീനര്‍ അഷറഫ് തോടന്നൂര്‍ അറി
യിച്ചു. കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതി നിരവധി പേര്‍ക്ക് പ്രയോജനകരമാണ്.

38 വര്‍ഷത്തെ കെഎംസിസിയുടെ പ്രവര്‍ത്തന പാതയില്‍ വ്യത്യസ്തങ്ങളായ നിരവധി പദ്ധതികള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏറ്റെടുത്തുനടത്തുകയുണ്ടായി. 'തണല്‍' ഭവന പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയില്‍ 13 വീടുകള്‍ നിര്‍മിച്ചു നല്‍കി വീടില്ലാത്തവന്റെ മുമ്പില്‍ ഒരാശ്വാസമായി കെഎംസിസി ജില്ലാ കമ്മിറ്റി മാറി. 13 നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടു 'വിവാഹ സംഗമം' വടകരയില്‍ നടത്തി. രക്ത ദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന രീതിയില്‍ ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം 'ജീവസ്പര്‍ശം' എന്ന പേരില്‍ രക്തദാന പ്രവര്‍ത്തനം നടത്തി ബഹറിനിലെ ആരോഗ്യ വകുപ്പിന്റെയും ഇന്ത്യന്‍ എംബസിയുടെയുംപൊതു സമൂഹത്തിന്റെയും ആദരവുകള്‍ ഏറ്റുവാങ്ങി. ഹരിത ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ സല്‍മാനിയ ഹോസ്പിറ്റലിന് 10 വീല്‍ചെയറും വടകര, കൊയിലാണ്ടി, നൊച്ചാട്, പേരാമ്പ്ര എന്നീ ഹോസ്പിറ്റലുകളിലായി അംഗ വൈകല്യം സംഭവിച്ചവര്‍ക്കു വേണ്ടി എട്ടു വീല്‍ചെയറുകള്‍ നല്‍കിയിട്ടുണ്ട്. കിഡ്നി കെയര്‍ ക്യാമ്പിലൂടെ നിരവധി പേരുടെ രോഗ നിര്‍ണയം നടത്താന്‍ കഴിഞ്ഞു. പതിനായിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായും ഒട്ടേറെ പേര്‍ക്ക് പരോക്ഷമായും ഉപകാരപ്രദമായ ശിഹാബ് തങ്ങള്‍ ജീവജലംകുടിവെള്ള പദ്ധതി 50 കിണറുകളാണ് നിര്‍മിച്ചു പൊതു സമൂഹത്തിനു നല്‍കുന്നത്. ഇതില്‍ 40 കിണറുകളും പൂര്‍ത്തീകരണത്തിന്റെ വക്കിലാണ്. ഇത്തരം സംരംഭങ്ങളുമായി നിരന്തരം സഹകരിക്കുന്നവരെ പ്രതൃേകം സ്മരിക്കുകയുംകാലങ്ങളായി നമ്മളിലൊരാളായി ജീവിച്ച നമ്മുടെ സഹോദരങ്ങള്‍ക്കൊരു സ്നേഹസ്പര്‍ശമായി പദ്ധതിയെ മാറ്റാന്‍ എല്ലാ പ്രവാസി സഹോദരങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് ടി.പി. മുഹമ്മദലിയും ജനറല്‍ സെക്രട്ടറി എ.പി. ഫൈസലും അഭ്യര്‍ഥിച്ചു.