ഗ്രീക്കുകാര്‍ വരവറിഞ്ഞ് ചെലവാക്കണമെന്ന് ജര്‍മന്‍കാര്‍
Saturday, July 11, 2015 9:08 AM IST
ബര്‍ലിന്‍: ഗ്രീക്ക് പ്രതിസന്ധിയുടെ കാര്യത്തില്‍ ജര്‍മനി സ്വീകരിച്ചു വരുന്ന കര്‍ക്കശ സമീപനം യൂറോപ്പിനു മുഴുവന്‍ നന്നായി അറിയാം. എന്നാല്‍, അതു ജര്‍മന്‍ സര്‍ക്കാരിന്റെ കാര്യം. ജര്‍മന്‍ ജനത എന്തായിരിക്കും ചിന്തിക്കുന്നത്? അതറിയാന്‍ ഒരു ജര്‍മന്‍ ദിനപത്രം നടത്തിയ സര്‍വേയില്‍ വ്യക്തമായത്, സര്‍ക്കാരിന്റെ നിലപാട് ജനതയുടെ നിലപാടിന്റെ പ്രതിഫലനം തന്നെയെന്നാണ്.

വര്‍ഷങ്ങളായി വരുമാനത്തിന് അനുസരിച്ചുള്ള ജീവിതമല്ല ഗ്രീക്കുകാര്‍ നയിക്കുന്നത്. അവര്‍ വരവറിഞ്ഞ് ചെലവാക്കാന്‍ ശീലിക്കണം- ഇതാണ് സര്‍വേയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ചിലര്‍, ഗ്രീക്കുകാരെ പോലെ ധാരളിത്തമുള്ള മറ്റൊരു ജനതയെ കണ്ടിട്ടില്ലെന്നും പറയുന്നു.

അവിടത്തുകാര്‍ ആവശ്യത്തിന് ജോലി ചെയ്യുന്നില്ല. പുലര്‍ച്ചെ നാലു മുതല്‍ അവര്‍ കഫേകളില്‍ കൂട്ടം കൂടിയിരിക്കുന്നതു കാണാം. ഞങ്ങള്‍ ഞങ്ങളുടെ നികുതി അടയ്ക്കുന്നുണ്ട്. അവര്‍ അതു ചെയ്യാത്തതാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകാന്‍ കാരണം ഇങ്ങനെ പോകുന്നു അഭിപ്രായപ്രകടനങ്ങള്‍.

കെടുകാര്യസ്ഥതയാണ് പ്രശ്നങ്ങള്‍ക്കു കാരണം. നഷ്ടം നോക്കാതെയാണ് അവര്‍ ചെലവാക്കുന്നത്. ജര്‍മനി ഇതുവരെ വല്ലാതെ ക്ഷമിച്ചു, ഇനി അതിന്റെ ആവശ്യമില്ലെന്ന് മറ്റൊരാള്‍. എന്നാല്‍, ഗ്രീസ് യൂറോസോണിനു പുറത്തായി കാണാന്‍ മിക്കവര്‍ക്കും ആഗ്രഹമില്ലെന്നും സര്‍വേയില്‍ വ്യക്തമാകുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍