ചക്ക് ബ്ളേസര്‍ക്ക് ഫിഫ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി
Saturday, July 11, 2015 9:07 AM IST
സൂറിച്ച്: കോഴ വാങ്ങിയെന്ന് കുറ്റസമ്മതം നടത്തിയ ഫിഫ മുന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും കോണ്‍കോഫ് ജനറല്‍ സെക്രട്ടറിയുമായ ചക് ബ്ളെയ്സറിന് ആജീവനാന്ത വിലക്ക്.

ബ്ളെയ്സര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ബ്ളെയ്സര്‍ തുടര്‍ച്ചയായി അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കെന്ന് ഫിഫ പുറത്തിറിക്കിയ കുറിപ്പില്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഫിഫ വ്യക്തമാക്കുന്നു. 1998 ലെ ലോകകപ്പു വേദി ഫ്രാന്‍സിനും 2010 ലേത് ദക്ഷിണാഫ്രിക്കയ്ക്കും അനുവദിച്ചത് കോഴ വാങ്ങിയാണെന്ന് ബ്ളെയ്സര്‍ അമേരിക്കന്‍ കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നു.

ലോകകപ്പ് ആതിഥേയത്വത്തിനു വേണ്ടിയുള്ള മൊറോക്കയുടെ ശ്രമങ്ങള്‍ കോഴ വാങ്ങി അട്ടിമറിച്ചുവെന്നായിരുന്നു ബ്ളെയ്സറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍.

ബ്ളെയ്സറിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഫിഫ അഴിമതി കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 2013 വരെയാണ് ബ്ളെയ്സര്‍ ഫിഫയില്‍ പ്രവര്‍ത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പു വേദി അനുവദിക്കാന്‍ താനും ചില എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ഒരുമിച്ചാണു തീരുമാനിച്ചതെന്നും ബ്ളേയ്സര്‍ വെളിപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍