മാര്‍ ആന്‍ഡ്രൂസ് താഴത്ത് യുകെ സന്ദര്‍ശിക്കുന്നു
Saturday, July 11, 2015 8:56 AM IST
ലണ്ടന്‍: തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് യുകെ സന്ദര്‍ശിക്കുന്നു. ജൂലൈ 16നു ലണ്ടനില്‍ എത്തുന്ന മാര്‍ ആന്‍ഡ്രൂസിനെ ഹീത്രൂ വിമാനത്താവളത്തില്‍ യുകെ സീറോ മലബാര്‍ കോഓര്‍ഡിനേട്ടര്‍ ഫാ. തോമസ് പാറയടിയില്‍, ഈസ്റ് ആംഗ്ളിയ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.

യുറോപ്പില്‍ അജപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന രൂപതാംഗങ്ങളായ വൈദികരെ സന്ദര്‍ശിക്കുവാന്‍ തയാറാക്കിയിരിക്കുന്ന യാത്രാ പരിപാടികളില്‍ ഒരാഴ്ചത്തെ പര്യടനമാണ് യുകെയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനുള്ളത്.

തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷ പദവിക്കു പുറമേ സാമൂഹ്യ, സാംസ്കാരികസാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വം നിലനിര്‍ത്തുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐ വൈസ് പ്രസിഡന്റ്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവ-മംഗലപ്പുഴ സെമിനാരി കമ്മീഷന്‍ പ്രസിഡന്റ് എന്നീ തലങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഓറിയന്റല്‍ കാനോണ്‍ നിയമങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും പ്രഗത്ഭനായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാനോണ്‍ നിയമങ്ങളെ സംബന്ധിച്ചു സ്വന്തമായി നിരവധി ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോമില്‍ നടക്കുന്ന വേള്‍ഡ് കാത്തലിക് ബിഷപ്സ് സിനഡില്‍ പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോടോപ്പം കെസിബിസി മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തും സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നുണ്ട്.

17നു (വെള്ളി) താഴത്ത് ലണ്ടനിലെ ഈസ്റ്ഹാമില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും. 18 നു (ശനി) ഈസ്റ് ആംഗ്ളിയായിലെ നോര്‍വിച്ച് ഹോളി അപ്പോസ്റല്‍സ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കും.

19 നു (ഞായര്‍) സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷമായ വാത്സിംഗ്ഹാം തീര്‍ഥാടനത്തിലെ തിരുക്കര്‍മങ്ങളില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

22 നു (ബുധന്‍) ഈസ്റ് ആംഗ്ളിയായിലെ ഇപ്സ്വിച്ച് സെന്റ് മേരീസ് ദേവാലയത്തില്‍ ആന്‍ഡ്രൂസ് താഴത്ത് വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കൂടാതെ ഏതാനും സ്വകാര്യ സന്ദര്‍ശനങ്ങളും ഔദ്യോഗിക യോഗങ്ങളും യുകെ പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ യുകെ സന്ദര്‍ശനം പ്രവാസി സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ ഊര്‍ജവും കരുത്തും പ്രദാനം ചെയ്യുവാനും പ്രവാസി സീറോ മലബാര്‍ സഭക്ക് ഉത്തേജനവും ഉണര്‍വും പകര്‍ന്നു നല്‍കുവാനും ഉപകരിക്കുമെന്ന് വിശ്വാസി സമൂഹം ഉറച്ചു പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ