ആര്‍ദ്രതയുള്ള മനസും സ്രഷ്ടാവിനോടുള്ള കടപ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരകം: സാദിഖലി ശിഹാബ് തങ്ങള്‍
Friday, July 10, 2015 7:45 AM IST
ദുബായി: സൃഷ്ടികളോടുള്ള ജഗനിയന്താവിന്റെ നസീമമായ കാരുണ്യത്തോടുള്ള കടപ്പാടും ആര്‍ദ്രതയുള്ള മനസും മനുഷ്യനെ സഹജീവികളോടുള്ള കരുണയ്ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദിതനാക്കുന്നുവെന്നു സാദിഖലി ശിഹാബ് തങ്ങള്‍.

'നിങ്ങള്‍ ഭൂമിയിലുള്ളവരോടു കരുണ കാണിക്കുവിന്‍, നിങ്ങള്‍ക്ക് എന്നില്‍നിന്നു കാരുണ്യവര്‍ഷമുണ്ടാകും' എന്നുള്ള ദൈവ വചനത്തില്‍ വിശ്വസിക്കുന്നവരാണ് നാമെന്നും മനസിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണു യഥാര്‍ഥ വിശ്വാസി, ചാപല്യങ്ങള്‍ക്കു കീഴ്പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂവെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു ദുബായി കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ബഹുമുഖ ജീവകാരുണ്യ പദ്ധതിയായ 'ഹദിയ' യുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം. അബ്ദുള്‍ റഹ്മാന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി.

കെഎംസിസിയുടെ പ്രവര്‍ത്തങ്ങള്‍ പ്രശംസനകള്‍ക്കും അനുമോദനങ്ങള്‍ക്കും അതീതമാണെന്ന് എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എം. അബ്ദുള്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു.

ദുബായി ഫ്ളോറ ക്രീക്ക് ഹോട്ടലില്‍ നടന്ന പരിപാടി യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ. അബ്ദുള്‍ റഹ്മാന്‍, ദുബായി കെഎംസിസി സംസ്ഥാന പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, മുന്‍ വൈസ് പ്രസിഡന്റ് എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുന്‍ സെക്രട്ടറി ഹനീഫ് കല്‍മട്ട, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ സലിം ചേരങ്കൈ, എ.കെ. കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, സിദ്ദിഖ് ചൌക്കി, റഹീം നെക്കര, ഇഖ്ബാല്‍ കൊട്ടയാടി തുടങ്ങിയവര്‍ സംബന്ദിച്ചു. ദുബായി കെഎംസിസി കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

ബൈത്തുറഹ്മ, സ്നേഹസാന്ത്വനം, മെഡി കെയര്‍, ആശ്രയ, വിധവ സുരക്ഷാ സ്കീം, മുസാഹദ് മുഹല്ലിം സമാശ്വാസ പദ്ധതി, സൌജന്യമരുന്ന് വിതരണം, ചികിത്സ സഹായം, ജീവന്‍ രക്ഷാ സഹായോപകരണങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയവയാണ് 'ഹദിയ' പദ്ധതിക്കു കീഴില്‍ ലക്ഷ്യമാകുന്നത്. ഹദിയ കാരുണ്യ പദ്ധതി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍