ഇന്ത്യന്‍ പ്രവാസികള്‍ക്കു വോട്ടു ചെയ്യുന്നതിനുള്ള നിയമഭേദഗതിക്കു ധാരണയായി
Friday, July 10, 2015 6:45 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതിനുള്ള നിയമഭേദഗതിക്കു ധാരണയായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികള്‍ക്കും സൈനികര്‍ക്കും അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ടു ചെയ്യുന്നതിനുള്ള സൌകര്യമൊരുക്കുന്നതിനായി ജനപ്രാതിനിത്യ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള മന്ത്രി സഭയുടെ കുറിപ്പ് തയാറായി. കേന്ദ്രമന്ത്രിസഭ ഇക്കാര്യം ഉടന്‍ പരിഗണിക്കുമെന്നും സുപ്രീം കോടതിയില്‍ പറഞ്ഞു.

ഇതിനായി ജനാധിപത്യ നിയമത്തിലെ 8, 20, 60 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുമുള്ള തൊഴിലാളികളുടെ വോട്ടവകാശത്തെ കുറിച്ച് പഠിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരു അഞ്ചംഗസമിതിയെ നിയോഗിച്ചു. സൈനികര്‍ക്കു വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എംപിയും പ്രവാസി വോട്ടവകാശത്തിനായി വി.പി. ഷംഷീറും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവേയാണു കേന്ദ്രം തങ്ങളുടെ നിലപാടറിയിച്ചത്.

ഭേദഗതിയനുസരിച്ച് പ്രവാസികള്‍ക്ക് ഇലക്ട്രോണിക് വോട്ടിനും പകരക്കാരെ ഉപയോഗിച്ചുള്ള വോട്ടിനും സൌകര്യം നല്‍കും. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുള്ള കുറിപ്പ് ഉടന്‍ പരിഗണിക്കുമെന്നാണ് സൂചന. ഇതോടൊപ്പം സൈനികര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ജോലി സ്ഥലത്തു തന്നെ വോട്ടു രേഖപ്പെടുത്താനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കു നല്‍കുന്ന അതേ സൌകര്യം ഉപയോഗിച്ച് ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയുന്ന നിലയ്ക്കാണ് നിര്‍ദേശം തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍