നാരായണന്റെ കേസ് സങ്കീര്‍ണം; നാട്ടില്‍ പോകാന്‍ നിയമകുരുക്കുകളേറെ
Friday, July 10, 2015 6:38 AM IST
റിയാദ്: ജോലി ചെയ്തിരുന്ന സര്‍വീസ് സ്റേഷനില്‍നിന്നു വാഹനം കളവു പോയതിനെത്തുടര്‍ന്ന് അഞ്ചു വര്‍ഷം ജയിലില്‍ കിടന്ന് മോചിതനായ മലപ്പുറം പൊന്നാനി സ്വദേശി മങ്ങാരത്ത് നാരായണന് (55) നാട്ടിലേക്കു പോകണമെങ്കില്‍ ഇനിയും കടമ്പകളേറെ കടക്കണം.

നിയമക്കുരുക്കുകളഴിക്കണമെങ്കില്‍ ഏറെ സാമ്പത്തിക ബാധ്യത വരുമെന്നാണു കഴിഞ്ഞ ദിവസം നാരായണനോടൊപ്പം കോടതിയില്‍ പോയ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. നാരായണനെതിരേ കേസ് നല്‍കിയ സൌദി പൌരന് നല്‍കാന്‍ കോടതി വിധിച്ച പണത്തിനു പുറമേ 16 വര്‍ഷം ഇഖാമ പുതുക്കാതിരുന്നതിനുള്ള പിഴയും ലെവി ചാര്‍ജും എല്ലാം അടച്ച് ഇഖാമ പുതുക്കിയാല്‍ മാത്രമെ നാരായണന് എക്സിറ്റ് വീസ അടിച്ചു കിട്ടുകയുള്ളൂവെന്നു സാമൂഹ്യപ്രവര്‍ത്തകനായ ലത്തീഫ് തെച്ചി പറഞ്ഞു.

2010 സെപ്റ്റംബറിലാണു നസീമിലെ സര്‍വീസ് സ്റേഷനില്‍നിന്നു നാരായണനെ പോലീസ് പിടിക്കുന്നത്. അവിടെ സര്‍വീസ് ചെയ്യാന്‍ ഏല്‍പ്പിച്ച കാര്‍ കളവു പോയതിനോടനുബന്ധിച്ച് ഉടമ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്. വിചാരണക്കൊടുവില്‍ നാരായണന്‍ കാറിന്റെ ഉടമക്ക് 1,15,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു വിധി വന്നു. പണമൊന്നും കൈയിലില്ലാത്ത നാരായണന്‍ അഞ്ച് വര്‍ഷത്തോളം ജയിലിലായിരുന്നു. നാരായണന് ഇവിടെയും നാട്ടിലും സമ്പാദ്യമൊന്നുമില്ലെന്നു കണ്െടത്തിയ കോടതി പാപ്പരാണെന്നു വിധിച്ച് ജയില്‍മോചിതനാക്കുകയായിരുന്നു. എന്നാല്‍, രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കേസില്‍ മുഴുവനായും തീര്‍പ്പുണ്ടാക്കേണ്ടിയിരിക്കുന്നു. കോടതിയില്‍ ഒരിക്കല്‍ പോലും ഹാജരായിട്ടില്ലാത്ത വാഹനത്തിന്റെ ഉടമയായ സ്വദേശി പൌരനെ റിയാദില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് സാമൂഹ്യപ്രവര്‍ത്തകര്‍ കണ്െടത്തിയത്. കോടതിയുടെ വാറണ്ട് കൈമാറിയ ശേഷമാണ് അദ്ദേഹം കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസം കോടതിയിലെത്തിയ അദ്ദേഹം നഷ്ടപരിഹാരമായി 60,000 റിയാലെങ്കിലും കിട്ടണമെന്നാണു കോടതിയില്‍ പറഞ്ഞത്. അതിനു പുറമേയാണു നാരായണന് എക്സിറ്റ് അടിക്കാനുള്ള കടമ്പകള്‍. ഇരുപതിനായിരം റിയാലിലധികം നാരായണന്റെ രേഖകള്‍ ശരിയാക്കാനായി വേണം. എങ്കില്‍ മാത്രമെ എക്സിറ്റ് അടിച്ച് കിട്ടുകയുള്ളൂ. മൂന്നു മാസത്തിലേറെയായി നാരായണന്‍ ജയിലില്‍ നിന്നും പരിചയപ്പെട്ട കോഴിക്കോട്ടുകാരാനായ സുഹൃത്ത് മുഹമ്മദ് കോയയുടെ മുറിയിലാണുതാമസം.

നാരായണനെ നാട്ടിലയയ്ക്കുന്നതിനായി ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗവും തീവ്രശ്രമങ്ങള്‍ നടത്തുന്നുണ്െടങ്കിലും പണം നല്‍കാനുള്ള കാര്യത്തില്‍ അവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. സാമൂഹ്യപ്രവര്‍ത്തകരും സംഘടനകളും ഉദാരമതികളും സഹായിച്ചാല്‍ മാത്രമേ നാരായണന്റെ നാട്ടിലേക്കുള്ള യാത്ര സഫലമാവുകയുള്ളൂ. അതിനായി ലത്തീഫ് തെച്ചിയുടേയും ദീപക്കിന്റെയും നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

ഇവിടെയുള്ള ചില സാമൂഹ്യപ്രവര്‍ത്തകര്‍ മുഖേന കേന്ദ്ര സര്‍ക്കാരിലും നാരായണന്റെ മോചനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നാരായണന്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയതറിഞ്ഞ് നാട്ടിലുള്ള ഭാര്യ ഷീജയും ഏക മകന്‍ അജിത്തും സഹോദരന്‍ വിശ്വനാഥനും അമ്മയും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കുടുംബനാഥന്റെ തിരിച്ചു വരവിന് ഇനിയും പ്രയാസങ്ങളേറെയുണ്െടന്നറിഞ്ഞ് വിഷമിച്ചു കഴിയുകയാണിവര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍