സെന്‍ട്രല്‍ മാഞ്ചസ്ററില്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍
Friday, July 10, 2015 6:34 AM IST
മാഞ്ചസ്റര്‍: സാല്‍ഫോര്‍ഡ് രൂപതയിലെ ഏറ്റവും വലിയ മാസ് സെന്ററുകളില്‍ ഒന്നായ സെന്‍ട്രല്‍ മാഞ്ചസ്ററില്‍ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്കു ശനിയാഴ്ച രാവിലെ 10 നു ഇടവക വികാരി ഇയാന്‍ ഫാരല്‍ കൊടിയേറ്റുന്നതോടെ തുടക്കമാകും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ ഫാ. ജോസഫ് പോന്നെത്ത്, ഫാ. ജ്യോതിഷ് പുറവക്കാട്ട്, ഫാ. ജോബി പുന്നിലത്തില്‍, ഫാ.തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മികരാവും. ദിവ്യബലി മധ്യേ മാമോദീസ, ആദ്യ കുര്‍ബാന സ്വീകരണം എന്നിവയും നടക്കും.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ജ്യോതിഷ് പുറവക്കാട്ട്, ഫാ. പ്രിന്‍സ് തോമസ്, ഫാ.തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കമാകും. മേളപ്പെരുക്കം തീര്‍ത്ത് ബോള്‍ട്ടന്‍ ബീറ്റ്സും, മുത്തുക്കുടകളും പതാകയുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.

പാരിഷ് ഹാളില്‍ അരങ്ങേറുന്ന കലാസന്ധ്യക്ക് സണ്‍ഡേ സ്കൂള്‍ കുട്ടികളും മാതാപിതാക്കളും വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരുമ്പോള്‍ ഏവര്‍ക്കും മികച്ച വിരുന്നാകും കലാപരിപാടികള്‍.

തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍