ഗ്രീക്ക് പ്രതിസന്ധി: മെര്‍ക്കലിന്റെ പ്രതിച്ഛായ ഇടിയുന്നു
Thursday, July 9, 2015 8:02 AM IST
ബര്‍ലിന്‍: ഗ്രീസിനോടു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വീകരിച്ചിരിക്കുന്ന കര്‍ക്കശ നിലപാടുകള്‍ ജര്‍മന്‍ ജനത അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ജര്‍മനിക്കു പുറത്ത്, ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതല്ല. യൂറോപ്യന്‍ യൂണിയനില്‍നിന്നു ഗ്രീസ് പുറത്തായാല്‍ അതിനു കാരണക്കാരിയായി മെര്‍ക്കലിനെ ചരിത്രം വിലയിരുത്തുമെന്ന നിലയിലേക്കാണു മറ്റിടങ്ങളില്‍ കാര്യങ്ങളുടെ പോക്ക്.

ഇപ്പോഴത്തെ അവസ്ഥയില്‍ ഗ്രീസുമായി ചര്‍ച്ച നടത്തുന്നതില്‍ പോലും കാര്യമില്ലെന്ന നിലപാടിലാണു മെര്‍ക്കല്‍. എന്നാല്‍, കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതു മെര്‍ക്കലിന്റെ കാര്‍ക്കശ്യമാണെന്നു പല യൂറോസോണ്‍ രാജ്യങ്ങളും ചിന്തിക്കുന്നു.

വായ്പയെടുക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ അടിച്ചേല്‍പ്പിക്കുന്ന കഠിനമായ ചെലവുചുരുക്കല്‍ നടപടികള്‍ നേരത്തേതന്നെ മെര്‍ക്കലിനെതിരായ രൂക്ഷ വിമര്‍ശനത്തിനു കാരണമായിരുന്നതാണ്. ഗ്രീക്ക് ജനത ഹിതപരിശോധനയില്‍ അതിനെ വെല്ലുവിളിച്ചപ്പോള്‍ യൂറോപ്പില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓരോ രാജ്യത്തിന്റെ ശബ്ദമാണ് അവിടെ മുഴങ്ങിക്കേട്ടത്.

ഗ്രീക്ക് പ്രതിസന്ധി പരിഹരിക്കാന്‍ യൂറോസോണ്‍ അംഗങ്ങളെല്ലാം ജര്‍മനിയെയാണു പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ആ പ്രതീക്ഷ അസ്ഥാനത്തായപ്പോള്‍, ജര്‍മനിയുടെ നേതൃശേഷിയെത്തന്നെ ചോദ്യം ചെയ്യുകയാണ് ഇറ്റലി അടക്കമുള്ള വലിയ രാജ്യങ്ങള്‍.

ഗ്രീസ് പുറത്തുപോയാല്‍ നഷ്ടം യൂറോപ്പിനാകെയായിരിക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ മുഴുങ്ങുന്നത്. ആ നഷ്ടത്തിന് ഒരു ഉത്തരവാദിയെ തേടുമ്പോള്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ആദ്യം ഉയരുന്ന പേര് മെര്‍ക്കലിന്റേതുമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍