സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ ഇടവക തിരുനാള്‍ ഭക്തി സാന്ദ്രമായി
Thursday, July 9, 2015 5:44 AM IST
ബ്രിസ്ബയ്ന്‍: സെന്റ് തോമസ്, ദി അപ്പോസ്തല്‍ സീറോ മലബാര്‍ ഇടവകയുടെ മധ്യസ്ഥനായ മാര്‍ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ അകേസിയ റിഡ്ജ് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ആഘോഷിച്ചു.

വെള്ളി വൈകുന്നേരം 6.30ന് ഇടവക വികാരി ഫാ. പീറ്റര്‍ കാവുംപുറം കൊടിയേറ്റിയതോടെ തിരുനാളിനു തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന

ആഘോഷമായ പാട്ടുകുര്‍ബനയ്ക്ക് ഫാ. ജോസഫ് തോട്ടങ്കര നേതൃത്വം നല്‍കി. ശനിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ആറിനു ഫാ. ടെറന്‍സ് നുവയുടെ ദിവ്യബലിയോടെ ആരംഭിച്ചു. ഏഴു മുതല്‍ പത്തു വരെ സുപ്രസിദ്ധ സിനിമ പിന്നണി ഗായകര്‍ അഫ്സല്‍, അഖില ആനന്ദ് എന്നിവര്‍ നയിച്ച ഗാനമേള അരങ്ങേറി. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണശാല പ്രവര്‍ത്തിച്ചു.

പ്രധാന തിരുനാള്‍ ദിനമായ ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നിനു തിരുസ്വരൂപ പ്രദിഷ്ഠയും പ്രസുദേന്തി വാഴ്ചയും നടന്നു. തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജിമ്മി മാമൂട്ടില്‍, ഫാ. ജോസ് തെക്കേമുറി, ഫാ. ഫെര്‍ണാണ്േടാ, ഫാ. ജോസഫ് കാനാട്, ഫാ. തോമസ് അരീകുഴി, ഫാ. പീറ്റര്‍ കാവുംപുറം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ജോസഫ് കാനാട് തിരുനാള്‍ സന്ദേശം നല്‍കി.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ക്വയറിലെ ഗായകരായ സ്റെഫി, നീമ, സൂര്യ എന്നിവര്‍ക്കൊപ്പം ബുണ്ടബുര്‍ഗില്‍നിന്നുളള ജൈമോനും ചേര്‍ന്ന് ഗാനാലാപനം തിരുനാള്‍ കര്‍മങ്ങള്‍ ഭക്തി സാന്ദ്രമാക്കി.

തിരുനാള്‍ മധ്യേ സെന്റ് തോമസ് കമ്യൂണിറ്റിയെ മെല്‍ബണ്‍ രൂപതയിലെ ആദ്യത്തെ ഇടവക (സെന്റ് തോമസ്, ദി അപ്പോസ്തല്‍ സീറോ മലബാര്‍ ഇടവക) ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍ ബോസ്കോ പുത്തൂരിന്റെ ഡിക്രി വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി വായിച്ചു. ഫാ. പീറ്റര്‍ കാവുംപുറത്തെ ഇടവകയുടെ ആദ്യത്തെ വികാരിയായും നിയമിച്ചു. ആദ്യ വികാരിയെ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ അനുമോദിച്ചു.

തുടര്‍ന്നു ലദീഞ്ഞോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമേന്തി മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം ആരംഭിച്ചു. പ്രദക്ഷിണത്തിനു ഫാ. തോമസ് അരീകുഴി നേതൃത്വം നല്‍കി. തിരുനാളിനോടനുബന്ധിച്ചു കഴുന്നു എടുക്കുവാനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൌകര്യമൊരുക്കിയിരുന്നു.

കൊടി തോരണങ്ങളും ചെണ്ടമേളവും മുത്തുക്കുടകളും കൊടികളും നേര്‍ച്ചയും കഴുന്നെടുപ്പും കണ്‍മഷിയും ചാന്തും കുപ്പിവളയും മുത്തുമാലയും വില്‍ക്കുന്ന വാണിഭ കടകളും എന്നുവേണ്ട ഒരു സുറിയാനി ക്രിസ്ത്യാനിയുടെ എല്ലാവിധ ഗൃഹാതുരത്വ സ്മരണകളേയും ഉണര്‍ത്താന്‍ സഹായിച്ച ഒന്നായിരുന്ന തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍.

റിപ്പോര്‍ട്ട്: ടോം ജോസഫ്