ഓസ്ട്രിയയില്‍ റെക്കോര്‍ഡ് ചൂട്
Wednesday, July 8, 2015 6:41 AM IST
വിയന്ന: വേനല്‍ ചൂടില്‍ ചുട്ടു പഴുത്ത് ഓസ്ട്രിയ. കഴിഞ്ഞ ആഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ ഓസ്ട്രിയ കഠിനമായ ചൂടിന്റെ പിടിയിലായിരിക്കും. മിക്കവാറും ദിവസങ്ങളില്‍ 30 നും 35നും ഇടയില്‍ ചൂടുണ്ടാകും

ആല്‍പ്സ് മേഖലയില്‍ പൊതുവേ 34.5 മുതല്‍ 40 ഡിഗ്രി വരെയും രാജ്യത്തിന്റെ ഒരറ്റത്ത് 34.7 ഡിഗ്രി ചൂടാണ് ഈ ആഴ്ചയിലെങ്കില്‍ മറ്റു ഭാഗങ്ങളില്‍ 33 ഡിഗ്രിയും വിയന്നയില്‍ 31 ഡിഗ്രിയുമായിരിക്കും ചൂട്. അതായത് സഹാറ മരുഭൂമിയെ വെല്ലുന്ന ചൂടായിരിക്കും വരും ദിവസങ്ങളില്‍. ഓസ്ട്രിയയില്‍ ഞായറാഴ്ച ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട് 37 ഡിഗ്രി സെള്‍ഷ്യസ് രേഖപ്പെടുത്തി.

പൊള്ളുന്ന വേനല്‍ ചൂടില്‍ ആള്‍ക്കാര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണ
മെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. സൂര്യാഘാതം ഒഴിവാക്കാന്‍ വേണ്ടിയാണിത്.

കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക, കഴിവതും ഇളം നിറത്തിലുള്ളവ ധരിക്കുക. വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കോട്ടന്‍ വസ്ത്രങ്ങളോ ലിനനോ ധരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കഴിവതും തണലില്‍ നടക്കുക, വിശ്രമിക്കുക, സിഗരറ്റു വലി ഒഴിവാക്കുക, നിക്കോട്ടിന്‍ ശരിരത്തിലെ ജലാംശത്തെ പറ്റിക്കും.

ചെറു ചൂടു വെള്ളത്തില്‍ കുളിക്കുക. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരം കൂടുതല്‍ ചൂടാക്കുവാന്‍ ഇടയാക്കും.

മേക്കപ്പുകള്‍ ഒഴിവാക്കുക. മേക്കപ്പുകള്‍ മുഖത്തേക്ക് കൂടുതല്‍ സൂര്യരശ്മികളെ ആകര്‍ഷിക്കും. കഴിവതും പൌഡറുകള്‍ മാത്രം ഉപയോഗിക്കുക.

വെള്ളം ധാരാളമായി കുടിക്കുക. ദിവസവും പകല്‍ സമയത്ത് ഏറ്റവും കുറഞ്ഞത് രണ്ടു ലിറ്റര്‍ വീതമെങ്കിലും തണുത്ത സാല്‍ബേ ടീ കുടിക്കുന്നത് അമിതമായി വിയര്‍ക്കുന്നതിനെ തടയും.

മദ്യം കഴിക്കാതിരിക്കുക. ശരിരം കൂടുതല്‍ വരളാന്‍ ഇടയാക്കും. ചെറു ചൂടിലുള്ള ക്രോയിറ്റര്‍ ചായ ധാരാളം കുടിക്കുന്നത് നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

എയര്‍ കണ്ടീഷന്‍ ഒഴിവാക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യാഘാതത്തിനിടയാക്കും.

അതിരാവിലെ ജനലുകള്‍ തുറന്നുവച്ച് തണുത്ത വായു മുറികളില്‍ ശേഖരിക്കുക. പകല്‍ സമയം ജനലുകള്‍ അടച്ചിടുക, മുറികളില്‍ ഷെയിഡ് (ശാല്ലോസിന്‍) താഴ്ത്തിയിടുക.

ലഘു ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക, കൊഴുപ്പധികമുള്ള ഭക്ഷണം കഴിച്ചാല്‍ അതു ശരീരത്തിലെ ജലാംശത്തെ വറ്റിക്കും. കഴിവതും പഴവര്‍ഗങ്ങള്‍ പകല്‍ സമയത്തു കഴിക്കുക.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍