ഇന്ത്യന്‍ ഹാജിമാരുടെ വിമാന സമയം പ്രഖ്യാപിച്ചു
Wednesday, July 8, 2015 6:39 AM IST
ജിദ്ദ: ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനെത്തുന്നവരുടെ വിമാന സമയം പ്രഖ്യാപിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സുല്‍ ജനറല്‍ ബി.എസ് മുബാറക്കാണ് ഹജ്ജ് ഒരുക്കങ്ങളും വിമാന ഷെഡ്യൂളും വിശദീകരിച്ചത്.

ഓഗസ്റ് 16നു രാവിലെ ഒമ്പതിന് ഡല്‍ഹിയില്‍ നിന്നുള്ള ഹാജിമാരുമായി ആദ്യവിമാനം മദനയിലെത്തും. മദീന വിമാനത്താവളം വഴിയാണ് ഇത്തവണ കൂടുതല്‍ പേരെത്തുന്നത്. വാരണാസി, ലക്നൌ, കോല്‍ക്കത്ത, ഗോഹട്ടി, മംഗലാപുരം, ഗയ, ശ്രീനഗര്‍, ഡല്‍ഹി, ഗോവ എന്നീ എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള 52,910 തീര്‍ഥാടകരാണ് മദീന വഴിയെത്തുക.

സെപ്റ്റംബര്‍ രണ്ടിനാണ് ജിദ്ദ വഴിയുള്ള ആദ്യവിമാനമെത്തുന്നത്. ഹൈദരാബാദില്‍ നിന്നുള്ള ഹാജിമാരുമായി എയര്‍ ഇന്ത്യ വിമാനം രാവിലെ ഒമ്പതിന് ജിദ്ദ ഹജ്ജ് ടെര്‍മിനലിലെത്തും. 47,180 ഇന്ത്യന്‍ തീര്‍ഥാടകര്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴിയെത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് ജിദ്ദ വഴിയാണ് ഇത്തവണ ഹജ്ജിനെത്തുക. കൊച്ചിയില്‍ നിന്നുള്ള ആദ്യവിമാനം സെപ്റ്റംബര്‍ രണ്ടിന് ജിദ്ദ ഹജ്ജ് ടെര്‍മിനലിലെത്തും. 17നാണ് ഇത്തവണത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയില്‍ നിന്നും യാത്ര തിരിക്കുക. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര മദീന വിമാനത്താവളം വഴിയാണ്. ആദ്യവിമാനം 15ന് മദീനയില്‍ നിന്നും പുറപ്പെടും. ഒക്ടോബര്‍ 28ന് മലയാളി ഹാജിമാരുടെ അവസാന വിമാനം തിരിച്ചെത്തും. 6,240 പേര്‍ കേരളത്തില്‍ നിന്നും ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനെത്തുന്നുണ്ട്.

ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര സെപ്റ്റംബര്‍ 28ന് ആരംഭിക്കും. രാത്രി 11.40ന് ജിദ്ദയില്‍ നിന്നും മംഗലാപുരത്തേക്കാണ് ആദ്യ വിമാനം. മദീന വഴി മടങ്ങുന്നവരുടെ ആദ്യവിമാനം ഒക്ടോബര്‍ അറിനു പുലര്‍ച്ചെ 3.30ന് ഇന്‍ഡോറിലേക്കാണ്. ഇന്ത്യയില്‍ നിന്നും ഇത്തവണ 1,36,020 പേര്‍ ഹജ്ജിനെത്തും. ഇവരില്‍ 54,503 പുരുഷന്‍മാരും 44,554 സ്ത്രീകളും ഉള്‍പെടെ 1,00,020 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍