മെര്‍ക്കലും സിപ്രാസും കൂടിക്കാഴ്ച നടത്തും
Tuesday, July 7, 2015 8:20 AM IST
ബര്‍ലിന്‍: ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസുമായി കൂടിക്കാഴ്ച നടത്തും. യൂറോസോണ്‍ ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ച.

ഗ്രീസിനായി പുതിയ പരിഷ്കാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് മെര്‍ക്കല്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. ഗ്രീസിന്റെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ അവതരിപ്പിക്കും.

ഗ്രീസില്‍ ഹിതപരിശോധന ഫലം യൂറോപ്പിന് എതിരായതോടെ ജര്‍മനിയുടെ നേതൃശേഷിയെ ഇറ്റലിയെപ്പോലുള്ള രാജ്യങ്ങള്‍ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മെര്‍ക്കലും സിപ്രാസും കൂടിക്കാഴ്ച നടത്തുന്നത്.

ഗ്രീസിന് ഇതുവരെ വാഗ്ദാനം ചെയ്തതില്‍ കൂടുതലായി ഒരു ഇളവും നല്‍കാനാവില്ലെന്ന നിലപാടാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഇളവുകള്‍ നല്‍കാനുള്ള ഏതു നീക്കത്തെയും കടുത്ത ഉപാധികളോടെ രക്ഷാ പാക്കേജ് അംഗീകരിച്ച പോര്‍ച്ചുഗലിനെയും സ്ളോവാക്യയെയും പോലുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും.

ഇതിനിടെ, ഗ്രീസിനു കടം നല്‍കിയവരും പുതിയ ഉപാധികള്‍ തയാറാക്കുന്ന തെരക്കിലാണ്. ഗ്രീക്ക് ബാങ്കുകളാകട്ടെ, ബുധനാഴ്ച വരെ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. ബാങ്കുകള്‍ക്ക് അടിയന്തര സഹായം തുടര്‍ന്നും നല്‍കാന്‍ ഇസിബി തീരുമാനിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍