വരോഫാകിസ്: രക്ഷാ പാക്കേജിന്റെ ശത്രു
Tuesday, July 7, 2015 8:20 AM IST
ഏഥന്‍സ്: രക്ഷാ പാക്കേജിനുള്ള ഉപാധികള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഹിത പരിശോധനയില്‍ ഗ്രീക്ക് ജനത വിധിയെഴുതിയതിനു പിന്നാലെ ധനമന്ത്രി യാനിസ് വരോഫാകിസ് രാജിവച്ചത് പലരെയും അമ്പരപ്പിച്ചിരുന്നു. അദ്ദേഹം ഭാഗമായ ഇടതുപക്ഷ സര്‍ക്കാരിന്റെ വിജയമായാണ് ഹിതപരിശോധന ഫലം വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍, ഗ്രീസും യൂറോസോണ്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ തന്റെ രാജിയെന്നും താന്‍ ഗ്രീക്ക് ധനമന്ത്രിയായിരിക്കുന്നത് പലര്‍ക്കും ദഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വരോഫാകിസ്.

ജനങ്ങളെക്കൊണ്ട് ഹിത പരിശോധനയില്‍ 'നോ' പറയിക്കുന്നതില്‍ വരോഫാകിസ് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. ഇതുവഴി പക്ഷേ ഗ്രീസിനു കടം കൊടുത്തവരുടെ മുഴുവന്‍ ശത്രുവായി അദ്ദേഹം മുദ്ര കുത്തപ്പെട്ടു.

ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാവും എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ആദരം പിടിച്ചുപറ്റുന്ന രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനുമായ വരോഫാകിസ് ഗ്രീക്ക് ധനമന്ത്രിയായി ചുമതലയേറ്റതു മുതല്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഗ്രീസും യൂറോസോണും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്റെ സാന്നിധ്യമുണ്ടാകാന്‍ പാടില്ലെന്നു പലരും ആഗ്രഹിക്കുന്നതായി വരോഫാകിസ് തുറന്നു പറഞ്ഞിരുന്നു. പല ചര്‍ച്ചകളിലും ക്രെഡിറ്റര്‍മാരുമായി അദ്ദേഹം കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താന്‍ പ്രധാനമന്ത്രി അലക്സി സിപ്രാസിനു തന്റെ അസാന്നിധ്യം സഹായകമാകുമെന്നു തന്നെയാണ് വരോഫാകിസിന്റെ വിശ്വാസം.

അതേസമയം, വരോഫാകിസിന്റെ രാജി അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കൊക്കെ നിരാശയുമാണ്. ജനുവരി 25നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ആളായിരുന്നു വരോഫാകിസ്. ധനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ ലണ്ടനും പാരീസും റോമും ബര്‍ലിനും സന്ദര്‍ശിച്ച് പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ച നടത്തുകയാണ് അദ്ദേഹം ചെയ്തത്. ആ സമയങ്ങളില്‍ പോലും ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്യാനോ ടൈ കെട്ടാനോ തയാറാകാത്ത അദ്ദേഹത്തിന്റെ ശൈലിക്ക് ധാര്‍ഷ്ട്യമെന്നുമുണ്ടായി വിശേഷണം.

ഷേവ് ചെയ്ത തലയും കായികതാരത്തെപ്പോലുള്ള ശരീരവുമായി ഇദ്ദേഹത്തിന് സിനിമയില്‍ അഭിനയിച്ചു കൂടേ എന്നു ചില പത്രങ്ങള്‍ ചോദിച്ചു. പലരും അദ്ദേഹത്തെ സെക്സ് ഐക്കണായി തന്നെ പ്രതിഷ്ഠിച്ചു. അദ്ദേഹത്തെ ആരാധിക്കുന്ന നാട്ടിലെ സ്ത്രീകളെ വിശേഷിപ്പിക്കാന്‍ വരോഫിറ്റ്സസ് എന്നൊരു പദം തന്നെ രൂപപ്പെട്ടിരുന്നു.

അഞ്ചു ലക്ഷത്തിലേറെ ഫോളോവര്‍മാരാണ് ട്വിറ്ററില്‍ വരോഫാകിസിനുള്ളത്. ഫെയ്സ്ബുക്കില്‍ ഫാന്‍ പേജുകള്‍ നിരവധി. സൈറിസ്മാന്‍ വെഴ്സസ് ട്രോയ്ക എന്നൊരു വീഡിയോ ഗെയിം വരെ അദ്ദേഹത്തിന്റെ നിലപാടുകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഡെവലപ്പ് ചെയ്യപ്പെട്ടിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍