ഗ്രീക്ക് പോരാട്ടത്തെ പ്രശംസിച്ച് യൂറോവിരുദ്ധര്‍
Tuesday, July 7, 2015 8:19 AM IST
ലണ്ടന്‍: ഗ്രീക്ക് ഹിത പരിശോധനാഫലം യൂറോപ്യന്‍ യൂണിയനു തിരിച്ചടിയായെങ്കില്‍, യുകെ അടക്കമുള്ള രാജ്യങ്ങളിലെ യൂറോവിരുദ്ധ സംഘടനകള്‍ക്ക് ഇത് ആഹ്ളാദ മുഹൂര്‍ത്തം. യൂറോ എന്ന പൊതു കറന്‍സിയും യൂറോപ്യന്‍ യൂണിയന്‍ എന്ന അനാവശ്യ കെട്ടുപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന കൂട്ടായ്മയും ഇല്ലാതാകാന്‍ പോകുന്നതിന്റെ തുടക്കമായാണ് അവര്‍ ഗ്രീക്ക് ജനതയുടെ വിധിയെഴുത്തിനെ വിശേഷിപ്പിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ മരിക്കുകയാണെന്ന് ബ്രിട്ടനിലെ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നിഗെല്‍ ഫരാജ് പറഞ്ഞു. ബ്രസല്‍സില്‍നിന്നുണ്ടായ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദത്തെ വെല്ലുവിളിക്കാന്‍ ഗ്രീക്ക് ജനത കാണിച്ച ധൈര്യം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്ന് അറിയാന്‍ 2017 അവസാനം നടത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ ബ്രിട്ടീഷുകാര്‍ ഗ്രീക്ക് ജനതയെ അനുകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീക്ക് ജനതയുടെ വിധിയെഴുത്തില്‍ ഫ്രാന്‍സും ഫിന്‍ലന്‍ഡുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ ആഹ്ളാദം പ്രകടിപ്പിച്ചു. പൊങ്ങച്ചക്കാരായ ഒരുകൂട്ടം ഉന്നതരുടെ സൃഷ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ എന്നും 50 കോടി ജനങ്ങളെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടുകയാണ് ചെയ്തതെന്നും ആഗോളീകരണത്തില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂനിയന്‍ പരാജയപ്പെട്ടെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.

ഗ്രീക്ക് ജനതയുടെ നിഷേധവോട്ട് ഗ്രീസിനു യൂറോ മേഖലയില്‍നിന്ന് പുറത്തേക്കുള്ള വഴി പെട്ടെന്ന് തുറക്കണമെന്നും എത്ര നേരത്തേ പുറത്തുപോകുന്നോ അത്രയും നല്ലതാണെന്നും നെതര്‍ലന്‍ഡ്സിലെ ജനകീയ നേതാവായ ഗീര്‍റ്റ് വൈല്‍ഡേഴ്സ് പറഞ്ഞു. യൂറോ മേഖലയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് ഈ ദിവസമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ പ്രഭുവാഴ്ചക്കെതിരായ വിജയമാണ് വിധിയെഴുത്തെന്ന് ഫ്രാന്‍സിലെ വലതുപക്ഷ നേതാവായ മാരീന്‍ ലെ പെന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചിരുന്ന് ഒറ്റ കറന്‍സി സംവിധാനം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍