ഇടതുമുന്നണി ജനവിധി മാനിക്കണം: ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി
Tuesday, July 7, 2015 6:58 AM IST
ദമാം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തന ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇടതു മുന്നണി തയാറാകണമെന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അരുവിക്കര ഉപതെരഞ്ഞെടുപ്പു വിജയം വിലയിരുത്താന്‍ ചേര്‍ന്ന സൌഹൃദസമ്മേളനം ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരന്തരം നടത്തുന്ന അപവാദ പ്രചാരണവും നേതാക്കളെ വ്യക്തി ഹത്യ നടത്തുന്ന ബ്ളാക്ക് മെയില്‍ രാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതിനു തെളിവാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം എന്നു സമ്മേളനം അഭിപ്രായപ്പെട്ടു.

ബാര്‍ മുതലാളിമാരെയും സരിതയും കൂട്ടു പിടിച്ചുകൊണ്ടു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയവര്‍ക്കു ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കി.

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇടതു മുന്നണിക്കു നേതൃത്വം നല്‍കുന്ന സിപിഎം മാറിയില്ലെങ്കില്‍ ബംഗാളിലെ അവസ്ഥ കേരളത്തിലും സംഭവിക്കും. വ്യക്തിവൈരാഗ്യവും അസൂയയുമുള്ള നേതാവായി വി.എസ്. അച്യുതാനന്ദന്‍ തരംതാണു. തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി പരാജയമാണെന്നു തെളിഞ്ഞു. ജനകീയ നേതാവായ ഉമ്മന്‍ ചാണ്ടി നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ക്കും. യുഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പു ഫലമെന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പു പ്രചാരണം ഏറ്റെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ യോഗം അഭിനന്ദിച്ചു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശബരീനാഥിനെ യോഗം അഭിനന്ദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനു ജനാധിപത്യ രീതിയില്‍ മറുപടി നല്‍കിയ അരുവിക്കരയിലെ ജനങ്ങളോട് ഒഐസിസി നന്ദി അറിയിച്ചു.

ദമാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സൌഹൃദ സദസില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.

ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം. നജീബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമദ് പുളിക്കല്‍, സി.അബ്ദുള്‍ ഹമീദ്, അഡ്വ. കെ. വൈ. സുധീന്ദ്രന്‍, ഇ.കെ. സലിം, മിനി ജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ. നൈസാം നഗരൂര്‍ സ്വാഗതവും ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം