ഇന്ത്യയിലെ ടെലിഫോണ്‍ കണക്ഷനുകള്‍ നൂറു കോടി കവിഞ്ഞു
Tuesday, July 7, 2015 6:55 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യയിലെ ടെലിഫോണ്‍ കണക്ഷനുകളുടെ എണ്ണം നൂറു കോടി കവിഞ്ഞു. ഇതില്‍ 97.8 കോടിയോളം മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ്. പ്രതിമാസം 70 ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ പുതിയതായി ഉണ്ടാകുന്നുണ്െടന്ന് ഇന്ത്യന്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സിഡോട്ടിന്റെ ടെലികോം നെറ്റ്വര്‍ക്ക് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് രാജ്യത്തെ ടെലിഫോണ്‍ കണക്ഷനുകളുടെ കണക്കുകള്‍ മന്ത്രി പുറത്തുവിട്ടത്.

ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 999.71 മില്യണ്‍ ടെലഫോണ്‍ കണക്ഷനുകളാണ് ഇന്ത്യയിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണിത്. ഈ മാസത്തെ വയര്‍ലെസ്/മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 973.35 മില്യണില്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ 300 മില്യണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാണെന്നു മന്ത്രി പറഞ്ഞു. ഇത് 500 മില്യണ്‍ ആക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത യൂറോപ്യന്‍ ടെലികമ്യൂണിക്കേഷന്‍ മേഖല വളരെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍