റിയാദില്‍ വിവിധ ജാലിയാത്തുകള്‍ വിജ്ഞാന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
Tuesday, July 7, 2015 6:47 AM IST
റിയാദ്: റിയാദിലെ വ്യത്യസ്ത ജാലിയാത്തുകള്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക വിജ്ഞാന മത്സരങ്ങളുടെ പ്രചാരണം സജീവമാക്കാന്‍ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) തീരുമാനിച്ചു.

വിവിധ വിഷയങ്ങളില്‍ ഇസ്ലാമിക വിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്കായി റിയാദിലെ റൌദ, അസീസിയ, റബ്വ ജാലിയാത്തുകളാണു റംസാനില്‍ വിജ്ഞാന മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഓരോ ജാലിയാത്തുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഷെയ്ഖ് മുഹമ്മദ് അല്‍വുഹൈബി രചിച്ചതും പ്രമുഖ പണ്ഡിതന്‍ അബ്ദുള്‍ജബാര്‍ മദീനി പരിഭാഷ നിര്‍വഹിച്ചതുമായ 'സ്വഹാബികള്‍: അഹ് ലുസുന്നയുടെ ആദര്‍ശം' എന്ന പുസ്തകമാണു റൌദ ജാലിയാത്ത് മത്സരത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രവാചകന്റെ അനുചരന്മാരില്‍ പ്രമുഖരെ കുറിച്ചു പോലും വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തി മുസ്ലിം സമൂഹത്തില്‍ ഹദീസ് നിഷേധ പ്രവണതകള്‍ക്കും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ സ്വഹാബത്തിനെക്കുറിച്ചുള്ള ഇസ്ലാമിന്റെ യഥാര്‍ഥ കാഴ്ചപ്പാട് വിശദീകരിക്കുന്ന പുസ്തകം വിജ്ഞാന കുതുകികള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഉത്തരം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ആണ്.

ഷൈഖുല്‍ ഇസ്ലാം മുഹമ്മദ് ബിനു സുലൈമാന്‍ അത്തമീമി (മരണം ഹിജ്ര 1206) രചിച്ചതും അസീസിയ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ വി.പി. നൌഫല്‍ മദീനി മൊഴിമാറ്റം നടത്തിയതുമായ 'വിശ്വാസകാര്യങ്ങളിലെ സുപ്രധാന സന്ദേശങ്ങള്‍', 'നാല് നിയമങ്ങള്‍', 'വിശ്വാസ കാര്യങ്ങളിലെ സുപ്രധാന ചോദ്യങ്ങള്‍' എന്നീ ചെറു കൃതികളാണ് അസീസിയ കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ജൂലൈ 10 ആണ് ഉത്തരങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി.

ലോക പ്രശസ്ത ഇസ്ലാമിക പ്രബോധകന്‍ അഹദ് ദീദാത്ത് രചിച്ചതും ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി വിവര്‍ത്തനം ചെയ്തതും ഇസ്ലാം ഹൌസ്.കോം പ്രസിദ്ധീകരിച്ചതുമായ 'ഖുര്‍ആന്‍ അത്ഭുതങ്ങളുടെ അദ്ഭുതം' എന്ന പുസ്തകമാണ് റബ് വ ജാലിയാത്ത് മത്സരത്തിനായി തെരഞ്ഞെടുത്തത്. വിശുദ്ധ ഖുര്‍ആനിനെക്കുറിച്ചുള്ള വിമര്‍ശകരുടെ ആരോപണങ്ങളെ വസ്തുതാപരമായി വിലയിരുത്തുന്ന ഉത്തമ കൃതിയാണ് ഇത്. ഉത്തരങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13 ആണ്.

പ്രചാരണോദ്ഘാടനം സുലൈ മദ്രസത്തു തൌഹീദില്‍ നടന്ന ചടങ്ങില്‍ റിയാദ് നിച്ച് ഓഫ് ട്രൂത്ത് കണ്‍വീനര്‍ റഫീഖ് ആലപ്പുഴ എന്‍ജിനിയര്‍ അബ്ദുറഹീമിനു പുസ്തകങ്ങള്‍ നല്‍കി നിര്‍വഹിച്ചു. ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം, കണ്‍വീനര്‍ ഉമര്‍ ഷരീഫ്, നിച്ച് ഓഫ് ട്രൂത്ത് കോഓര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ കൊല്ലം, മുബാറക് സലഫി, മുഹമ്മദ് കൊല്ലം എന്നിവര്‍ പങ്കെടുത്തു.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0507169705, 0500513197 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.