കിളിക്കൊഞ്ചല്‍ പ്രകാശനം ചെയ്തു
Tuesday, July 7, 2015 5:31 AM IST
ലണ്ടന്‍: സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍ രചിച്ച ബാലസാഹിത്യ ഗ്രന്ഥം കിളിക്കൊഞ്ചല്‍ പ്രകാശനം ചെയ്തു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതു പ്രസിദ്ധീകരിച്ചത്. ജൂണ്‍ 30നു സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഇംഗ്ളീഷ് മീഡിയം പറയംകുളം സ്കൂളില്‍ സാംസ്കാരികപ്രവര്‍ത്തകന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായരുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകള്‍.

നാലു പതിറ്റാണ്ടുകള്‍, കേരളത്തിലെ പ്രമുഖ പ്രസാധകര്‍ പ്രസീദ്ധീകരിച്ച 40ലധികം കൃതികള്‍, ഇരുപതിലേറെ പുരസ്കാരങ്ങള്‍, സാഹിത്യവുമായി ബന്ധപ്പെട്ട ലോകപര്യടനങ്ങള്‍, നാടകം, നോവല്‍, കഥ, കവിത, ലേഖനം, യാത്രാവിവരണം, സയന്‍സ്, കായിയം, ടൂറിസം ഇങ്ങനെ മലയാളസാഹിത്യ ലോകത്ത് സ്വകീയമായ തട്ടകമൊരുക്കിയ ചാരുംമൂടുകാരനായ കാരൂര്‍ സോമന്‍ ഒരു അദ്ഭുതമാണെന്നും ഇപ്പോള്‍ ഇംഗ്ളീഷ് സാഹിത്യത്തിന്റെ കിളിവാതില്‍ കടക്കുന്നത് ഈ നാടിന് അഭിമാനമെന്നും പ്രകാശനചടങ്ങില്‍ സംസാരിച്ച കവിയും എഴുത്തുകാരുമായ ഡോ. ചേരാവള്ളി ശശി, ഡോ. മുഞ്ഞിനാട് പദ്മകുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. അഡ്വ. സുധീര്‍ ഖാന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് സലാമത്ത് എം. എസ്. സ്വാഗതം പറഞ്ഞു. കുട്ടികള്‍ വായിച്ചു വളരാതെ അറിവുകള്‍ നേടാനോ അനീതിയെ ചോദ്യംചെയ്യാനോ സാധ്യമല്ലെന്നും പുസ്തകങ്ങള്‍ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയെന്നും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കാരൂര്‍ സോമന്‍ പറഞ്ഞു.