വേനലിന്റെ കൊടുംചൂടില്‍ ജര്‍മന്‍ റോഡുകള്‍ പൊളിയുന്നു
Monday, July 6, 2015 8:20 AM IST
ബര്‍ലിന്‍: അസാധാരണമായ ഉഷ്ണ പ്രവാഹത്തില്‍ ജര്‍മനി ഉരുകുന്നു. ആളുകള്‍ കൂട്ടത്തോടെ കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍, ഹൈവേകള്‍ പലതും ചൂട് താങ്ങാനാവാതെ പൊട്ടിപ്പൊളിയുന്നു.

പല മേഖലകളിലും വാഹനാപടകങ്ങള്‍ക്കു കാരണമായേക്കാവുന്ന വലുപ്പത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. ഇതെക്കുറിച്ച് അധികൃതര്‍ ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ വിള്ളലുകള്‍ വലുതാകുകയാണ്. ഇതുവഴി പിന്നീട് വരുന്ന ഇരുചക്ര വാനങ്ങള്‍ക്കും മറ്റുമാണ് അപകട സാധ്യത കൂടുതല്‍.

എന്നാല്‍, വാരാന്ത്യത്തില്‍ അപ്രതീക്ഷിതമായുണ്ടായ മഴയും മിന്നലും ഇടിയും കൊടുങ്കാറ്റും ജര്‍മന്‍കാരെ വിറപ്പിച്ചു. അത്യുഷ്ണത്തിനും അല്‍പ്പം ശമനം ഉണ്ടായി. താപനില 44 ഡിഗ്രിയില്‍ നിന്നും 30നു താഴെയായി. അത്യുഷണത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പത്തിലധികം പേര്‍ മരിച്ചു. കൂടാതെ കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങളും പലയിടങ്ങളിലും റെയില്‍, റോഡ് ഗതാഗതവും തടസപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍