വിയന്ന മലയാളി അസോസിയേഷന്‍ ട്രസ്റ് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Monday, July 6, 2015 8:17 AM IST
വിയന്ന: സര്‍ക്കാര്‍ തനിച്ചു വിചാരിച്ചാല്‍ കേരളത്തില്‍ ഭവനങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീടുവച്ചു നല്‍കാനാകില്ലെന്നും മറ്റു എന്‍ജിഒ കളുടെ സഹായത്തോടെ മാത്രമേ ഇതു നടപ്പാക്കാന്‍ സാധിക്കൂ എന്നും ഇങ്ങനെ സാധുക്കള്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കാന്‍ ധാരാളം സന്മനസുള്ളവര്‍ വരാറുണ്െടങ്കിലും അത് നമ്മുടെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറവാണെന്നും വിയന്ന മലയാളി അസോസിയേഷന്‍ കോട്ടയത്തു നിര്‍മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

യൂറോപ്പിലെ സുരക്ഷിതമായ രാജ്യത്ത് ജീവിക്കുമ്പോഴും നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായവരെ ഓര്‍മിക്കുവാനും അതില്‍ യോഗ്യനായ ഒരാളെ കണ്െടത്തി കുറച്ചു മാസങ്ങള്‍കൊണ്ട് ഭവനം നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞതും തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഇത്തരം പരിപാടികള്‍ വിഎംഎ ഇനിയും തുടരണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പു നല്‍കി.

ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ച സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, നമ്മുടെ ഗ്രാമീണ മേഖലകളില്‍ ഇത്തരം കാരുണ്യസ്പര്‍ശം നല്‍കുവാന്‍ മറ്റു സംഘടനകളെയും ക്ഷണിക്കുന്നുവെന്നും സര്‍ക്കാരിനെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ ഈ ഗവണ്‍മെന്റ് പ്രതിജ്ഞബദ്ധമാണെന്നും വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ വിഎംഎയ്ക്ക് ഇതിനേക്കാള്‍ വലിയ പദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഭവനത്തിന്റെ ആശിര്‍വാദ കര്‍മ്മം അയര്‍ക്കുന്നം സെന്റ് സെബാസ്റ്യന്‍സ് ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്‍ നിര്‍വഹിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ഡയക്ടര്‍ ഫാ. തോമസ് പുതിയിടം അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഎംഎ പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര സ്വാഗതം ആശംസിച്ചു.

അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ചാമക്കാല, അയര്‍ക്കുന്നം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പിള്ളി, വാര്‍ഡ് മെംബര്‍ ശൈലജ റെജി, പഞ്ചായത്ത് അംഗം ജോയി കൊറ്റത്തില്‍, ജെസി തറയില്‍ (വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യോഗത്തില്‍ മോസസ് നന്ദിയും ഡോ. സെബാസ്റ്യന്‍ കെ. ഫ്രാന്‍സിസ് കൃതജ്ഞതയും പറഞ്ഞു. വിഎംഎയുടെ പ്രതിനിധികളായി പോള്‍ പുലിക്കോട്ടില്‍, ടോണി മഞ്ഞളി, ബേബി കാക്കശേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍