ഇസ്ലാം നീതിയുടെ മതം: അബ്ദുസമദ് പൂക്കോട്ടൂര്‍
Monday, July 6, 2015 7:35 AM IST
ദുബായി: ഇസ്ലാം നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മതമാണെന്നും സത്യസന്ധതയും സാഹോദര്യവുമാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂര്‍.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ റംസാന്‍ അതിഥിയായി എത്തിയ അദ്ദേഹം ദുബായി കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ 'റംസാനിന്റെ മാനവിക സന്ദേശം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി സുന്നി സെന്റര്‍ പ്രസിഡന്റ് സയിദ് ഹാമിദ് കോയമ്മ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍ക്കും വിവിധ സിഎച്ച് സെന്റര്‍ കമ്മിറ്റികള്‍ക്കും നല്‍കിയ റിലീഫ് ഫണ്ടിന്റെ വിതരണോദ്ഘാടനം കോട്ടുമല ബാപ്പു മുസ്ല്യാര്‍ നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും ഇസ്മായില്‍ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍