കൈയക്ഷരങ്ങളുടെ കമനീയതയില്‍ സമ്പൂര്‍ണ വേദപുസ്തക രചന പൂര്‍ത്തീകരിച്ചു
Monday, July 6, 2015 7:26 AM IST
അബുദാബി: കാലപ്രവാഹത്തില്‍ കണ്‍മറയുന്ന കമനീയ കൈപ്പടയില്‍ കാലാതീതമായ ദൈവവചനങ്ങളിലെ അകംപൊരുളുകളുടെ അക്ഷരചിത്രവുമായി അബുദാബി മാര്‍ത്തോമ സേവികാസംഘത്തിലെ അംഗങ്ങള്‍ ആരംഭിച്ച സമ്പൂര്‍ണ വേദപുസ്തക രചന പൂര്‍ത്തീകരിച്ചു.

അഞ്ഞൂറിലേറെ വനിതകളുടെ പതിനൊന്നു മാസം നീണ്ട യഞ്ജത്തിലൂടെയാണു വേദപുസ്തക കൈയെഴുത്തു പ്രതി പൂര്‍ത്തിയായിരിക്കുന്നത്. അബുദാബി മാര്‍ത്തോമ സേവികാസംഘത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണു വേദപുസ്തകം മുഴുവനായി കൈകൊണ്ട് എഴുതി തയാറാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. കമനീയമായ കൈയെഴുത്തിന്റെ ആകര്‍ഷണീയതയും തൂലികയില്‍നിന്നു കടലാസുകളിലേക്ക് ഉതിര്‍ന്നു വീണിരുന്ന വരികള്‍ പകര്‍ന്നിരുന്ന ഹൃദയ ബന്ധങ്ങളിലെ ഊഷ്മളതയും ആധുനിക ആശയ വിനിമയ ഉപാധികളുടെ കുത്തൊഴുക്കില്‍ നഷ്ടമാകുന്ന സാഹചര്യത്തിലാണു വനിതകളുടെ സംഘം എഴുത്തിന്റെ ആവേശവുമായി മഷി നിറച്ച പേനകളിലേക്കു മടങ്ങിപ്പോകാന്‍ തീരുമാനിച്ചത്.

വേദപുസ്തകവചനങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കുമ്പോള്‍ ലഭിക്കുന്ന വിശ്വാസദൃഢതയും ഒത്തൊരുമയുടെ സന്തോഷവും അഭിമാനവും ലക്ഷ്യമിട്ടാണു പദ്ധതി ആവിഷ്കരിച്ചതെന്നു ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അഭിപ്രായപ്പെട്ടു.

31102 വാക്യങ്ങളിലായി പരന്നുകിടക്കുന്ന സമ്പൂര്‍ണ വേദപുസ്തകത്തെ ഒമ്പതു വോള്യങ്ങളിലായി 3100 പേജുകളിലാണ് കൈയെഴുത്തില്‍ തയാറാക്കിയിരിക്കുന്നത്. എട്ടു വയസു മുതല്‍ 70 വയസുവരെയുള്ള മൂന്നു തലമുറകളിലെ അംഗങ്ങള്‍ ഇതില്‍ പങ്കു ചേര്‍ന്നു എന്ന പ്രത്യേകതയുമുണ്ട്. ഇടവക ജനങ്ങളിലെ ദൈവിക കൈപ്പട പതിഞ്ഞ കൂട്ടായ്മയുടെ പ്രതീകമായി ഇടവകയുടെ ഗ്രന്ഥശാലയില്‍ പ്രത്യേകം തയാറാക്കുന്ന പീഠത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നതിനാണു തീരുമാനിച്ചിരിക്കുന്നത്.

പ്രസിഡന്റ് റവ. പ്രകാശ് ഏബ്രഹാം, വൈസ് പ്രസിഡന്റ് റവ. ഐസക് മാത്യു, സൂസന്‍ ചാക്കോ, സെക്രട്ടറി ജിന്‍സി സാം, ജനറല്‍ കണ്‍വീനര്‍ വല്‍സ ജേക്കബ്, സിസിലി ജേക്കബ്, വല്‍സ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള