വാട്സ് ആപ്പ് കോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്താന്‍ കുവൈറ്റ് ഒരുങ്ങുന്നു
Monday, July 6, 2015 5:17 AM IST
കുവൈറ്റ്: വാട്സ് ആപ്പ് കോളുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ ടെലികോം മന്ത്രാലയം ഒരുങ്ങുന്നു. നിരോധനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പഠിക്കുവാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ഇപ്പോള്‍ത്തന്നെ സൌദിയിലും, യുഎഇയിലും വാട്സ് ആപ്പ് കോളുകള്‍ വിലക്കിയിട്ടുണ്ട്. രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ബാധിക്കാത്ത രീതിയില്‍ വാട്സ് ആപ്പ് കാളുകള്‍ നിരോധിക്കുന്നതിനെ കുറിച്ചുള്ള സമ്പൂര്‍ണമായ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് ലഭിച്ചതിനു ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇത്തരം സംവിധാനങ്ങള്‍ ഔദ്യോഗികമായി വിലക്കുവാന്‍ ബുദ്ധിമുട്ടാണെന്നു മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാട്സ് ആപ്പ് കോളുകള്‍ പോലെ സൌജന്യമായി വൈബര്‍, ടാംഗോ, ഐഎംഒ തുടങ്ങിയ നിരവധി കമ്പനികള്‍വഴി വോയ്സ് കോള്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍