ഗ്രീസ് ജനഹിത പരിശോധന സര്‍ക്കാരിന് അനുകൂലം
Sunday, July 5, 2015 10:37 PM IST
ആതന്‍സ്: രാജ്യാന്തര വായ്പ നേടുന്നതിന് കടുത്ത നിബന്ധനകള്‍ അംഗീകരിക്കണോയെന്നറിയാന്‍ ഗ്രീസില്‍ നടന്ന ജനഹിതപരിശോധനയില്‍ 61 ശതമാനം ജനങ്ങള്‍ സര്‍ക്കാരിനൊപ്പം. 38.7 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്ന് രേഖപ്പെടുത്തി. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ അംഗീകരിച്ച് കൂടുതല്‍ സഹായം വാങ്ങണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു പ്രധാനമന്ത്രി അലക്സി സിപ്രസിന്റെയും സിരിസ പാര്‍ട്ടിയുടെയും നിലപാട്.

ഹിതപരിശോധനാഫലം സര്‍ക്കാരിന് അനുകൂലമായതോടെ ഗ്രീസിനു യൂറോപ്പും ഐഎംഎഫും നിര്‍ത്തിവച്ച സഹായം പുനരാരംഭിക്കില്ലെന്നുറപ്പായി. ഗ്രീസിലെ ആറ് ടെലിവിഷന്‍ കമ്പനികള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളും സര്‍ക്കാര്‍ നിലപാടിന് അനുകൂലമായിരുന്നു. ഞായറാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം പത്തരയോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. 1.1 കോടി ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി.

യൂറോപ്യന്‍ യൂണിയന്റെ കനത്ത സമ്മര്‍ദം മറികടന്നാണ് ഗ്രീക്ക് ജനത അഭിപ്രായം രേഖപ്പെടുത്തിയത്. ജനവിധി സര്‍ക്കാറിന് അനുകൂലമായതോടെ യൂറോസോണില്‍നിന്ന് ഗ്രീസ് പുറത്തായേക്കുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങള്‍ക്ക് പ്രധാനമന്ത്രി അലക്സി സിപ്രസ് നന്ദി പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഗ്രീസിലെ ജനഹിത പരിശോധന തള്ളിയത് ഓഹരി വിപണികളെയും ബാധിച്ചു.