'യുവധാര' പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
Saturday, July 4, 2015 8:44 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന യുവജന സഖ്യത്തിന്റെ ദര്‍ശനാവിഷ്കാരത്തിന്റെയും ചിന്താസരണിയുടെയും മുഖപത്രമായ 'യുവധാര' മാര്‍ത്തോമ കുടുംബ സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശന കര്‍മ്മം നടന്നു.

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസന കുടുംബ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പയ്ക്കു നല്‍കി പ്രകാശനം ചെയ്തു.

ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു സി. ശാമുവല്‍ യുവധാര കുടുംബ സംഗമം പ്രത്യേക പതിപ്പിന്റെ എഡിറ്റര്‍ ഉമ്മച്ചന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബം - മാനവീകതയുടെ പ്രത്യാശയും പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി പഠനങ്ങളും ലേഖനങ്ങളും കവിതകളും പ്രത്യേക പതിപ്പില്‍ അടങ്ങിയിരിക്കുന്നു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന എപ്പിസ്കോപ്പ അധ്യക്ഷനായുള്ള യുവധാര എഡിറ്റോറിയല്‍ ബോര്‍ഡില്‍ റവ. ബിനു സി. ശാമുവല്‍ (യുവജന സഖ്യം വൈസ് പ്രസിഡന്റ്), റവ. ബിനോയ് ജെ. തോമസ് (ഭദ്രാസന സെക്രട്ടറി), അനു മാത്യു (ചീഫ് എഡിറ്റര്‍), റെജി ജോസഫ് (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), മാത്യൂസ് തോമസ് (ട്രഷറര്‍), ലജി തോമസ് (അസംബ്ളി അംഗം), ബെന്നി പരിമണം, കോശി മാമ്മന്‍, ഉമ്മച്ചന്‍ മാത്യു, ഷൈജു വര്‍ഗീസ്, റോജിഷ് സാം ശാമുവല്‍ എന്നിവര്‍ അംഗങ്ങളാണ്.

സഭാ വിശ്വാസികളില്‍ തിരുവചന പഠനത്തിനും ചിന്തകള്‍ക്കും വാതായനങ്ങളെ തുറന്നിട്ടുകൊണ്ട് പ്രസിദ്ധീകരിക്കുന്ന യുവധാരയുടെ ഡിജിറ്റല്‍ പതിപ്പ് സഭാ ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്നുള്ളത് യുവധാരയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.