സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ വിബിഎസിനു തുടക്കം കുറിച്ചു
Saturday, July 4, 2015 8:39 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവക സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിനു (ഒ.വി.ബി.എസ്.2015) തുടക്കം കുറിച്ചു.

ജൂലൈ രണ്ടിനു (വ്യാഴം) വൈകുന്നേരം നാലിനു നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍, ഈ വര്‍ഷത്തെ ഒവിബിഎസ് ഡയറക്ടറും ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ നിരണം ഭദ്രാസന ഡയറക്ടറും ട്രെയിനറുമായ ഫാ. മാത്യു സഖറിയ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒവിബിഎസ് കോഓര്‍ഡിനേറ്റര്‍ ജോണ്‍ പി. ഏബ്രഹാം സ്വാഗതം ആശംസിച്ചു.

മഹാഇടവക വികാരി പതാകയുയര്‍ത്തി ആരംഭിച്ച യോഗത്തില്‍ സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഏബ്രഹാം, ഇടവക ആക്ടിംഗ് സെക്രട്ടറി ജേക്കബ് തോമസ്, സണ്‍ഡേസ്കൂള്‍ അഡ്വൈസര്‍ പി.സി. ജോര്‍ജ്, സെക്രട്ടറി സിസില്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ഒവിബിഎസ് സോംഗ് ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറാര്‍ ജോണ്‍ പി. ജോസഫില്‍ നിന്നും ഏറ്റുവാങ്ങി സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസും ഓഡിയോ സിഡിയുടെ പ്രകാശനം സണ്‍ഡേസ്കൂള്‍ ട്രഷറര്‍ ഫിലിപ്സ് ജോണില്‍ നിന്നും ഏറ്റു വാങ്ങി സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു ടി. ജോര്‍ജും നിര്‍വഹിച്ചു.

'ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ 6.30 വരെ എന്‍ഇസികെയില്‍ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകള്‍ ജൂലൈ 16നു സമാപിക്കും. അന്നേദിവസം കുട്ടികളുടെ വര്‍ണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍